അബുദാബി- ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഏത് ഒത്തുതീർപ്പും ശാശ്വത സമാധാനം ഉറപ്പാക്കുന്നതാകണമെന്നും അല്ലാതെ, പോരാട്ടം വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള ഒരു താൽക്കാലിക ഇടവേള മാത്രമാകരുതെന്നും യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു. അമേരിക്കയുമായുള്ള ചർച്ചകൾക്കൊപ്പം ഇറാനും ഗൾഫ് അയൽരാജ്യങ്ങളും തമ്മിൽ അർഥവത്തായ ചർച്ചകൾ നടത്തണം. നമുക്ക് സമാധാനം ആവശ്യമാണ്, എന്നാൽ അത് നിലനിൽക്കുന്ന സമാധാനമായിരിക്കണം – ഫോറിൻ അഫയേഴ്സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗർഗാഷ് പറഞ്ഞു.
മൂന്നോ നാലോ അഞ്ചോ മാസത്തിനുള്ളിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെടുന്ന തരത്തിലുള്ള, താൽക്കാലികമായി ഒപ്പിച്ചെടുക്കുന്ന ഒരു പരിഹാരമല്ല നമുക്ക് വേണ്ടത്. കൂടുതൽ സ്ഥിരതയുള്ള ഒരു പരിഹാരമാണ് നമുക്ക് വേണ്ടതെന്ന് ഞാൻ കരുതുന്നു. അത് സാധ്യമാക്കുന്നതിന് വിവിധ തലങ്ങളിൽ ചർച്ചകൾ ആവശ്യമാണ്. അമേരിക്കയും ഇറാനും തമ്മിൽ മാത്രമല്ല, ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലും അർഥവത്തായ ചർച്ചകൾ നടക്കണം. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ച ഒരു പ്രധാന തലമാണ്. എന്നാൽ ഗൾഫ് മേഖലയിൽ നിന്നുള്ള ഞങ്ങളുടെ കാഴ്ചപ്പാടിൽ, ഗൾഫ് രാജ്യങ്ങൾ തനിച്ചോ കൂട്ടായോ ഇറാനുമായി നടത്തുന്ന ചർച്ചകളും അങ്ങേയറ്റം പ്രധാനമാണ്. അത്തരം ചർച്ചകൾ പെട്ടെന്നുള്ള ഇടപാടുകൾക്കപ്പുറം കടന്ന്, പരസ്പര വിശ്വാസം വളർത്തുന്നതിലേക്കും ശത്രുതാപരമായ സമീപനം ഉപേക്ഷിക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ പ്രതിസന്ധിയുടെയും തകർച്ചയുടെയും സാഹചര്യത്തിൽ നിന്ന് എങ്ങിനെ കൂടുതൽ സ്ഥിരതയുള്ള എന്തെങ്കിലും കെട്ടിപ്പടുക്കാം എന്ന് തീരുമാനിക്കുകയാകണം ലക്ഷ്യം.
നെതന്യാഹുവിനെ ബഹിഷ്‌കരിച്ചത് 75 രാജ്യങ്ങളുടെ പ്രതിനിധികൾ
പ്രാദേശിക സംഘർഷങ്ങളുമായുള്ള മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, ഈ യുദ്ധം നീണ്ടുനിൽക്കുമെന്നും അതിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാൻ പ്രയാസമായിരിക്കുമെന്നും മനസ്സിലാക്കിയതുകൊണ്ടാണ് യു.എ.ഇ തുടക്കം മുതലേ യുദ്ധത്തെ എതിർത്തതെന്ന് ഗർഗാഷ് പറഞ്ഞു. ആ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ, യു.എ.ഇക്ക് ഇക്കാര്യത്തിൽ യഥാർഥ ആശങ്കയുണ്ടായിരുന്നു. അമേരിക്കയിലെയും മറ്റ് സ്ഥലങ്ങളിലെയും ഞങ്ങളുടെ സുഹൃത്തുക്കളോട് ഞങ്ങൾ ഈ യുദ്ധത്തിനെതിരായ നിലപാടാണ് അറിയിച്ചത്. കാരണം, ഇതൊരു നീണ്ട പ്രക്രിയയായിരിക്കുമെന്ന് മുൻകാല അനുഭവങ്ങളിൽ നിന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു.
യുദ്ധം ആസന്നമാണെന്നതിന് മുൻകൂട്ടിയുള്ള മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ഗർഗാഷ് പറഞ്ഞു. എന്നാൽ ആണവ ചർച്ചകളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള അകലം വർധിച്ചുവരുന്നത് ഒരു സംഘർഷത്തിലേക്ക് നയിച്ചേക്കാമെന്ന് തങ്ങൾ വിലയിരുത്തിയിരുന്നു. സംഘർഷം തുടങ്ങിയപ്പോൾ, ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുമെന്നും യു.എ.ഇ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് സംഭവിച്ച കാര്യങ്ങളുടെ വ്യാപ്തി അപ്രതീക്ഷിതമായിരുന്നു.
ഈ സംഘർഷം തുടങ്ങിയപ്പോൾ, ഞങ്ങൾക്ക് നേരെയും മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ വ്യാപ്തിയിലും തീവ്രതയിലുമുള്ള ഒരു ആക്രമണം ഞങ്ങൾ യഥാർഥത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. ഇറാൻ യു.എ.ഇക്ക് നേരെ 3,300 മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. അതിൽ 95 ശതമാനവും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇവയെ തടയാനുള്ള യു.എ.ഇയുടെ ശേഷി 90 ശതമാനത്തിന് മുകളിലായിരുന്നു.
ഈ യുദ്ധത്തിനിടയിൽ യഥാർഥത്തിൽ രണ്ട് യുദ്ധങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഒന്ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധം. മറ്റൊന്ന് ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന യുദ്ധം.
യു.എ.ഇയെ സംബന്ധിച്ചിടത്തോളം, പ്രതിരോധ ശേഷി ഉറപ്പാക്കുക എന്നത് വളരെ പ്രധാനമായിരുന്നു. പ്രതിരോധ ശേഷി ഉറപ്പാക്കുക എന്നത് ഒരു ലക്ഷ്യം മാത്രമല്ല. അതൊരു പ്രധാന ഘടകമാണ്. അത് ഇന്ന് നമ്മളെ നയതന്ത്രപരമായ വലിയ അവസരങ്ങളിലേക്ക് നയിക്കുന്നു. ഇറാനും ഗൾഫ് അയൽരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തെ ഈ നേരിട്ടുള്ള ഏറ്റുമുട്ടൽ അടിസ്ഥാനപരമായി തകർത്തു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സംഘർഷങ്ങൾക്കിടയിലും ലംഘിക്കപ്പെടാതിരുന്ന ചുവന്ന വരകൾ ഇതിലൂടെ മറികടക്കപ്പെട്ടു. ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വ്യക്തമായും തകർന്നു എന്നതാണ് ഒന്നാമത്തെ കാര്യമെന്ന് എനിക്ക് തോന്നുന്നു. ഇറാനുമായുള്ള ബന്ധം തിരിച്ചുവരുമെന്ന് ഞാൻ കരുതുന്നു. പക്ഷേ അത് കൂടുതൽ പ്രായോഗികമായ തലത്തിലായിരിക്കും. വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്.
ഗൾഫ് സുരക്ഷയിൽ അമേരിക്കക്കുള്ള പ്രാധാന്യം കുറയുകയല്ല, മറിച്ച് വർധിക്കുകയാണ് ഈ യുദ്ധത്തിലൂടെ സംഭവിച്ചത്. എങ്കിലും, പ്രതിരോധത്തിനായി ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്കൻ സൈനിക ശക്തിയെ മാത്രം ആശ്രയിക്കാൻ കഴിയില്ല. അമേരിക്കൻ സൈനിക സാന്നിധ്യവും ശക്തിയും ഈ മേഖലയെ സംരക്ഷിക്കില്ലെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. അമേരിക്കൻ സൈന്യവും ശക്തിയും അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.
അതുകൊണ്ട് തന്നെ, യു.എ.ഇയെപ്പോലൊരു രാജ്യത്തിന്, നയതന്ത്ര നീക്കങ്ങൾക്കൊപ്പം തന്നെ സ്വയം പ്രതിരോധിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതായിരിക്കണം അടിസ്ഥാനപരമായ കാര്യം. ഏഷ്യയിലുടനീളം ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതുൾപ്പെടെയുള്ള തന്ത്രപരമായ സ്വയംഭരണാധികാരം എന്ന നയം പിന്തുടരുമ്പോഴും, അമേരിക്കയുമായുള്ള ബന്ധം തങ്ങളുടെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവായിത്തന്നെ യു.എ.ഇ കാണുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലെ സമുദ്ര സുരക്ഷയെ പിന്തുണച്ചുകൊണ്ടും, ഇറാനുമായി രാഷ്ട്രീയ ഒത്തുതീർപ്പിന് വഴിയൊരുക്കാൻ തങ്ങളുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ടും ചൈനക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനാകും. രാഷ്ട്രീയമായ ഒരു പരിഹാരത്തിനായി ഇറാനു മേൽ സമ്മർദ്ദം ചെലുത്താനോ അവരെ ബോധ്യപ്പെടുത്താനോ ചൈനക്ക് കഴിയുമെങ്കിൽ, അത് വളരെ സ്വാഗതാർഹമായ കാര്യമായിരിക്കും.
യു.എ.ഇയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പ്രയാസകരമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഗൾഫ് മേഖലയിലെ ഈ അയൽരാജ്യങ്ങളുടെ സുരക്ഷാ-സാമ്പത്തിക താൽപ്പര്യങ്ങൾ തമ്മിൽ ശക്തമായ പരസ്പര ബന്ധമാണുള്ളത്. ഇന്നത്തെ സാഹചര്യത്തിൽ ഞങ്ങളുടെ ബന്ധം ഏറ്റവും മികച്ച അവസ്ഥയിലല്ലെന്ന് എനിക്ക് തോന്നുന്നു. അതേസമയം, അതിർത്തി പങ്കിടുന്നതും സുരക്ഷാ കാര്യങ്ങളിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമായ സാഹചര്യത്തിൽ, സൗദി അറേബ്യയുടെ സ്ഥിരതയില്ലാതെ യു.എ.ഇക്ക് സുസ്ഥിരമായി നിലനിൽക്കാനാവില്ല.
വിഷൻ 2030 ലൂടെ സൗദി അറേബ്യ വലിയ മാറ്റങ്ങൾക്ക് ശ്രമിക്കുമ്പോഴും, തുറന്ന സാമ്പത്തിക വ്യവസ്ഥയെന്ന നിലയിൽ യു.എ.ഇ തങ്ങളുടെ ദീർഘകാലമായുള്ള സ്ഥാനം ശക്തിപ്പെടുത്തുമ്പോഴും ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക രംഗത്ത് മത്സരം വർധിച്ചുവരുന്നത് ഗർഗാഷ് അംഗീകരിച്ചു. എന്നാൽ, ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ലക്ഷ്യങ്ങളെ സീറോ-സം മത്സരം (ഒരാളുടെ നേട്ടം മറ്റൊരാളുടെ നഷ്ടമാകുന്ന അവസ്ഥ) ആയി കാണണമെന്ന ആശയത്തെ ഗർഗാഷ് തള്ളിക്കളഞ്ഞു.
ഇരു രാജ്യങ്ങൾക്കും മികച്ച രീതിയിൽ മുന്നേറാനാകും. യഥാർത്ഥത്തിൽ, സൗദി അറേബ്യ മികച്ച നേട്ടമുണ്ടാക്കുമ്പോൾ ഞങ്ങൾക്കും കൂടുതൽ നേട്ടമുണ്ടാകും. തിരിച്ചും അങ്ങിനെ തന്നെ. മറ്റ് ഗൾഫ് രാജ്യങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങൾ നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഇരുപക്ഷവും ശ്രമിക്കുന്നുണ്ടെന്നും, മത്സരം പരിധിവിട്ടു പോകാതെ സൂക്ഷിക്കണമെന്നും ഗർഗാഷ് പറഞ്ഞു. മത്സരം പ്രധാനമാണ്, എന്നാൽ അത് പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ളതാകണം.
നീണ്ടുനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ ഇരുരാജ്യങ്ങൾക്കോ വിശാലമായ മിഡിൽ ഈസ്റ്റ് മേഖലക്കോ ഗുണകരമാകില്ല. പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ സൗദി അറേബ്യയുടെ താൽപ്പര്യങ്ങൾക്കോ, ഞങ്ങളുടെ താൽപ്പര്യങ്ങൾക്കോ, ഈ മേഖലയുടെ താൽപ്പര്യങ്ങൾക്കോ അനുയോജ്യമല്ല. സൗദിയുടെ സുരക്ഷക്ക് യു.എ.ഇ നൽകുന്ന പ്രാധാന്യം ഗർഗാഷ് ആവർത്തിച്ചു വ്യക്തമാക്കി. ഹൂത്തികൾ സൗദി അറേബ്യയെ ലക്ഷ്യമിടുമ്പോഴെല്ലാം യു.എ.ഇക്ക് ആശങ്കയുണ്ടാകാറുണ്ട്. സൗദി അറേബ്യയുടെ സുരക്ഷയോട് ഞങ്ങൾക്ക് പൂർണ്ണമായ ഐക്യദാർഢ്യമാണുള്ളത്.
ഗാസയിൽ മാനുഷിക സഹായം എത്തിക്കാനായി ഇസ്രായേലുമായുള്ള ബന്ധം യു.എ.ഇ പ്രയോജനപ്പെടുത്തിയെന്ന് ഗർഗാഷ് പറഞ്ഞു. ഗാസക്കുള്ള യു.എ.ഇയുടെ സഹായം ഏകദേശം 400 കോടി ഡോളറിലെത്തിയിട്ടുണ്ട്. ഇസ്രായേൽ നയങ്ങളെ സ്വാധീനിക്കാനുള്ള അബുദാബിയുടെ കഴിവിന് പരിമിതികളുണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ, വെസ്റ്റ് ബാങ്കിലെ സംഭവവികാസങ്ങളിൽ അഭിപ്രായം പറയാനും ഇടപെടാനും ഈ ബന്ധം യു.എ.ഇയെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം, ദ്വിരാഷ്ട്ര പരിഹാരം എന്നിവ സംബന്ധിച്ച അറബ് പൊതുധാരണയുടെ ഭാഗമാണ് യു.എ.ഇ.
സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നിവ ഉൾപ്പെടുന്ന മക്ക കരാർ പോലുള്ള പുതിയ പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഗർഗാഷ് വിശാലമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ചു. സംഘർഷങ്ങൾക്കപ്പുറം സാമ്പത്തിക സഹകരണത്തിന് മുൻഗണന നൽകുന്ന ഒരു മിഡിൽ ഈസ്റ്റിനെയാണ് യു.എ.ഇ ആഗ്രഹിക്കുന്നത്. സാമ്പത്തിക വളർച്ച, വ്യാപാര കരാറുകൾ, ഉദാരവൽക്കരണം എന്നിവക്ക് യു.എ.ഇ നൽകുന്ന ഊന്നൽ ഈ സമീപനത്തിന്റെ തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.







