കുവൈത്ത് സിറ്റി: കുവൈത്തിൽ നിശ്ചിത വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് 150 ദീനാർ ഫീസ് നൽകി വിസിറ്റ് വിസ തൊഴിൽ വിസയാക്കി മാറ്റാൻ അനുമതി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഗാർഹിക തൊഴിലാളികളുടെ വിസ മാറ്റത്തിന് ഈ ഫീസ് ബാധകമല്ല.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് പുറപ്പെടുവിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗമിൽ’ പ്രസിദ്ധീകരിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും.
അനുമതിയുള്ള പ്രധാന വിഭാഗങ്ങൾ:
- സർക്കാർ വിസ ലഭിച്ചവർ: മന്ത്രാലയങ്ങളോ പൊതുസ്ഥാപനങ്ങളോ മറ്റ് ഔദ്യോഗിക സംവിധാനങ്ങളോ നൽകുന്ന എൻട്രി വിസയിൽ എത്തുന്നവർ. എന്നാൽ സർവകലാശാല ബിരുദധാരികൾക്കും പ്രത്യേക സാങ്കേതിക പ്രാഗല്ഭ്യമുള്ളവർക്കും (Technical Specializations) മാത്രമേ ഈ സൗകര്യം ലഭിക്കൂ.
- ആശ്രിതർ: ടൂറിസ്റ്റ്, ഡിപൻഡന്റ് (ആശ്രിത) വിസകളിൽ രാജ്യത്ത് നിയമപരമായി തങ്ങുന്ന പ്രവാസികളുടെ ആശ്രിതർ.
- അടിയന്തര സാഹചര്യങ്ങളിൽ മടങ്ങിയവർ: തൊഴിൽ വിസയിൽ കുവൈത്തിലെത്തി ഇഖാമ നടപടികൾ പൂർത്തിയാക്കുന്നതിനിടെ, അടിയന്തര സാഹചര്യങ്ങളാൽ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന പ്രവാസികൾ.
- പ്രത്യേക അനുമതിയുള്ള കേസുകൾ: റെസിഡൻസി കാര്യ വകുപ്പ് ഡയറക്ടർ ജനറലിന്റെ വിവേചനാധികാരത്തിന് വിധേയമായി, പട്ടികയിൽ ഉൾപ്പെടാത്ത മറ്റ് ചില പ്രത്യേക കേസുകൾക്കും ഇളവ് അനുവദിക്കും.
- ഗാർഹിക തൊഴിലാളികൾ: ഗാർഹിക തൊഴിലാളികളുടെ വിസ മാറ്റത്തിന് അനുമതിയുണ്ടെങ്കിലും, അവരെ 150 ദീനാർ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






