ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ ഉപദേഷ്ടാവും മക്ക പ്രവിശ്യ ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സേവനം നാല് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. മക്ക പ്രവിശ്യ ഗവര്‍ണറായി രണ്ട് മുന്‍ ടേമുകള്‍ക്ക് ശേഷമാണ് ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സേവന കാലാവധി നീട്ടിയത്.
2007 ല്‍ ആദ്യമായി മക്ക ഗവര്‍ണറായി നിയമിതനായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനെ 2013 ല്‍ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. 2015 ജനുവരിയില്‍ സല്മാന് രാജാവിന്റെ ഉപദേഷ്ടാവായും മക്ക പ്രവിശ്യ ഗവര്‍ണറായും നിയമിച്ചുകൊണ്ട് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
സൗദിയിലെ ഏറ്റവും പരിചയസമ്പന്നരായ ഭരണാധികാരികളില്‍ ഒരാളായി ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് കണക്കാക്കപ്പെടുന്നു. 1967 ല്‍ യുവജനക്ഷേമ വകുപ്പ് ഡയറക്ടറായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് 1971 ല്‍ അസീര്‍ പ്രവിശ്യ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തു. 2007 വരെ നീണ്ട 36 വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. തുടര്‍ന്ന് മക്ക പ്രവിശ്യയിലേക്ക് മാറി.
ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് സംസ്കാരം, സാഹിത്യം, കലകള്‍ എന്നിവയിലുള്ള താല്‍പ്പര്യത്തിന് പ്രശസ്തനാണ്. അബഹ കള്‍ച്ചറല്‍ അവാര്‍ഡ്, അറബ് തോട്ട് ഫൗണ്ടേഷന്, അല്‍ഫൈസല്‍ മാഗസിന് എന്നിവയുള്‍പ്പെടെ നിരവധി സാംസ്കാരിക സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപനത്തിന് അദ്ദേഹം സംഭാവന നല്കി. മക്ക കള്‍ച്ചറല്‍ ഫോറം, പ്രിന്‍സ് ഖാലിദ് അല്‍ഫൈസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോഡറേഷന് എന്നിവയെയും അദ്ദേഹം പിന്തുണച്ചു. കിംഗ് ഫൈസല്‍ പ്രൈസ് ബോര്‍ഡ് അധ്യക്ഷനുമാണ്. ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ സംഭാവനകളെയും സേവനങ്ങളെയും മാനിച്ച് 2019 ല്‍ സല്മാന് രാജാവ് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ നല്കി ആദരിച്ചിരുന്നു.







