ദുബായ്- യുഎഇയിലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റാസൽഖൈമയിലെ അൽ വതൻ റോഡിലാണ് അപകടമുണ്ടായത്.
വിവരം ലഭിച്ച ഉടൻ തന്നെ പ്രത്യേക സംഘങ്ങൾ സംഭവസ്ഥലത്തെത്തുകയും ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ് ടീമുകൾ, ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി സഹകരിച്ച് രക്ഷാപ്രവർത്തനവും അടിയന്തര വൈദ്യസഹായവും നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപകടം നടന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്റെ സാഹചര്യവും കാരണവും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് മന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.



