ദുബൈ– യു.എ.ഇയിലെ ബലിപെരുന്നാള്‍ സ്വര്‍ണ്ണ വിപണിയില്‍ മാന്ദ്യമുണ്ടാക്കിയ വില വര്‍ധനവ് ഉണ്ടായത് മണിക്കൂറുകള്‍ക്കുള്ളില്‍. വെറും 5 മണിക്കൂറിനുള്ളില്‍ ദുബൈയിലെ സ്വര്‍ണ്ണ വില ഗ്രാമിന് 7.5 ദിര്‍ഹം വര്‍ധിച്ചത് ഒരു ദിവസത്തെ വ്യാപാരത്തെ സാരമായി ബാധിച്ചുവെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
22 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്നലെ വൈകീട്ട് 374.5 ദിര്‍ഹമായി. 24 കാരറ്റിന് 403.75 ദിര്‍ഹമായി വര്‍ധിച്ചു. കഴിഞ്ഞ ദിവസം 24 കാരറ്റിന് 396.25 ദിര്‍ഹമും 22 കാരറ്റിന് 367 ദിര്‍ഹമും ആയിരുന്നു. യു.എസ്-ചൈന വ്യാപാര ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളും ഡോളറിന്റെ തളര്‍ച്ചയും ഇതിന് കാരണമായതായി സ്വര്‍ണ്ണ വ്യാപാര രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
”യുഎസ്-ചൈന വ്യാപാര ബന്ധത്തില്‍ വിള്ളലുണ്ടായതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് അജണ്ടയെക്കുറിച്ചുള്ള അനിശ്ചിതത്വവും ഏഷ്യയിലെ സ്വര്‍ണ്ണ വ്യാപാരത്തില്‍ വന്‍ വര്‍ധനവിന് കാരണമാക്കിയിട്ടുണ്ട്.” ഇന്‍വെസ്റ്റിംഗ് ഡോട്‌കോം വിലയിരുത്തുന്നു. അതേസമയം ഡോളറിന്റെ തളര്‍ച്ചയും സ്വര്‍ണ്ണ വില ഉയരാന്‍ കാരണമായതായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലറും വ്യക്തമാക്കി. ഈദുല്‍ അല്‍അദ്ഹ പ്രമാണിച്ച് വിവിധ ജ്വല്ലറികള്‍ പ്രത്യേക പ്രമോഷനുകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജൂണ്‍ 9 വരെ നീണ്ടുനില്‍ക്കുന്നതാണിത്.
പ്രമോഷന്‍ ആരംഭിക്കുമ്പോള്‍ തന്നെ ഇത്തരം വര്‍ധനവുണ്ടായത് ഉപഭോക്താക്കളുടെ വരവിനെ സാരമായി ബാധിച്ചുവെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. വര്‍ധനവെല്ലാം സ്വാഭാവികമാണെന്നും അതേസമയം മണിക്കൂറുകള്‍ക്കുള്ളില്‍ 7 ദിര്‍ഹത്തിന്റെ വര്‍ധനവ് പലര്‍ക്കും താങ്ങാന്‍ കഴിയുന്ന ഒന്നല്ലെന്നും അവര്‍ എടുത്തുപറഞ്ഞു. ഓഹരി വിപണികള്‍ കൂടി നഷ്ടത്തിലായ സന്ദര്‍ഭത്തില്‍ ആശങ്കകള്‍ പരിഹരിക്കുന്നതിന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭാഗത്ത് നിന്ന് ചില ആശ്വാസകരമായ ഇടപെടല്‍ ഉണ്ടാവുമെന്നാണ് വാണിജ്യരംഗത്തുള്ളവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.