അബുദാബി: ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ വിനിമയ, സാമ്പത്തിക ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യു.എ.ഇ നിര്‍ത്തിവെച്ചതായി വിദേശ മന്ത്രാലയം അറിയിച്ചു. യു.എ.ഇക്കെതിരായ ഇറാന്റെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളുടെയും മേഖലാ സംഘര്‍ഷങ്ങളുടെയും ഇറാനുമായുള്ള യു.എ.ഇയുടെ സാമ്പത്തിക ബന്ധത്തിന്റെ അവസ്ഥയെ കുറിച്ചുള്ള ആരോപണങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. യു.എ.ഇയും ഇറാനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ചുള്ള ആരോപണങ്ങള്‍ യു.എ.ഇ വിദേശ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അഫ്‌റാഹ് അല്‍ഹാമിലി തള്ളിക്കളഞ്ഞു. മേഖലയില്‍ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സംഭാഷണം, സഹകരണം, പ്രാദേശിക സംയോജനം എന്നിവക്കുള്ള യു.എ.ഇയുടെ പ്രതിബദ്ധത അല്‍ഹാമിലി ആവര്‍ത്തിച്ചു. പ്രാദേശിക, അന്തര്‍ദേശീയ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ മേഖലാ സംഘര്‍ഷങ്ങളുടെ വെളിച്ചത്തില്‍ ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ വിനിമയ, സാമ്പത്തിക ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അല്‍ഹാമിലി പറഞ്ഞു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നടപടികള്‍ നിലനില്‍ക്കും. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രത സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമങ്ങളും ആഗോള മാനദണ്ഡങ്ങളും പാലിക്കാനും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് അല്‍ഹാമിലി പറഞ്ഞു. പ്രാദേശിക, അന്തര്‍ദേശീയ സാമ്പത്തിക സ്ഥിരത സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് യു.എ.ഇ തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് മന്ത്രാലയം പറഞ്ഞു.
ഇന്നലെ യു.എ.ഇ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ യു.എ.ഇ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇറാനില്‍ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ സമുദ്ര ഗതാഗതത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും അവ കടലില്‍ പതിച്ചതായും വിലയിരുത്തലുകള്‍ കാണിക്കുന്നതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഏതൊരു ഭീഷണിയോടും പ്രതികരിക്കാനും രാജ്യത്തിന്റെ സുരക്ഷയെയോ മേഖലയില്‍ സമുദ്ര നാവിഗേഷന്റെ സുരക്ഷയെയോ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കാനും യു.എ.ഇ തയ്യാറാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ദേശീയ താല്‍പ്പര്യങ്ങള്‍, ആസ്തികള്‍, വിഭവങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നത് യു.എ.ഇ തുടരും. വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ അവലംബിക്കാനും കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പ്രതിരോധ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
അതേസമയം, ഇറാന്‍ തങ്ങളുടെ ഭൂപ്രദേശത്തേക്ക് മിസൈല്‍ വിക്ഷേപിച്ചുവെന്ന യു.എ.ഇയുടെ വാദം തെറ്റാണെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. യു.എ.ഇയുടെ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ഇറാന്‍ തങ്ങളുടെ പ്രദേശത്തേക്ക് മിസൈല്‍ വിക്ഷേപിച്ചുവെന്ന യു.എ.ഇയുടെ വാദം ഞങ്ങള്‍ നിരാകരിക്കുന്നു. ഇറാനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഇറാന് ഖേദമുള്ളതായും ബഗായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ആരോപണങ്ങള്‍ നല്ല അയല്‍പക്ക ബന്ധത്തിന്റെ തത്വത്തിന് വിരുദ്ധമാണെന്നും മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ വിശ്വാസം ശക്തിപ്പെടുത്താനും അരക്ഷിതാവസ്ഥ വര്‍ധിക്കുന്നത് തടയാനുമുള്ള നിരന്തരമായ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതായും ബഗായ് കൂട്ടിച്ചേര്‍ത്തു. നിലവിലെ സങ്കീര്‍ണ്ണതകള്‍ കണക്കിലെടുത്ത്, ഇറാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് എല്ലാ പ്രാദേശിക രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







