അബുദാബി – അന്തരിച്ച ഇസ്ലാമിക പണ്ഡിതനായ യൂസഫ് അല്‍ഖറദാവിയുടെ മകന്‍ അബ്ദുറഹ്‌മാന്‍ യൂസഫ് അല്‍ഖറദാവിക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ മാപ്പ് നല്‍കി. കഴിഞ്ഞ മാസമാണ് അബ്ദുറഹ്മാൻ യൂസഫിന് 10 വര്‍ഷം തടവും 2,00,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചത്. ഈ ശിക്ഷാ വിധിയിലാണ് പ്രസിഡന്റ് ഇന്ന് മാപ്പ് പ്രഖ്യാപിച്ചത്. അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതിയുടെ സൈബര്‍ ക്രൈം സര്‍ക്യൂട്ട് ഓഗസ്റ്റ് 27 നാണ് അല്‍ഖറദാവി കുറ്റക്കാരനാണെന്ന് കണ്ടെത്തി 2,00,000 ദിര്‍ഹം പിഴയും 10 വര്‍ഷം തടവും വിധിച്ചത്. പ്രസിഡന്റിന്റെ മാപ്പ് നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരി 10 ന്, യു.എ.ഇയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അഭ്യര്‍ഥനപ്രകാരം, അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ – ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഡാറ്റ ബ്യൂറോയുടെ ജനറല്‍ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച താല്‍ക്കാലിക അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍, ലെബനീസ് അധികൃതര്‍ അബ്ദുറഹ്‌മാന്‍ യൂസഫ് അല്‍ഖറദാവിയെ അറസ്റ്റ് ചെയ്ത് യു.എ.ഇക്ക് കൈമാറുകയായിരുന്നു.
യു.എ.ഇയില്‍ പൊതു സുരക്ഷ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റമാണ് അബ്ദുറഹ്‌മാന്‍ യൂസഫ് അല്‍ഖറദാവിക്കെതിരെ ചുമത്തിയിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ തത്വത്തിനും ആഭ്യന്തര നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി യു.എ.ഇ നീതിന്യായ മന്ത്രാലയം ലെബനോനിലെ സെന്‍ട്രല്‍ അതോറിറ്റിക്ക് സമര്‍പ്പിച്ച ഔപചാരികമായ കൈമാറ്റ അഭ്യര്‍ഥനയെ തുടര്‍ന്നാണ് അല്‍ഖറദാവിയെ യു.എ.ഇക്ക് കൈമാറാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിടുന്ന ഏതൊരാള്‍ക്കും എതിരായ ഉറച്ച നിലപാട് യു.എ.ഇ ആവര്‍ത്തിക്കുകയും, ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന ഏതൊരു വ്യക്തിയെയും നിരന്തരം പിന്തുടരുമെന്നും ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു.
അബ്ദുറഹ്‌മാന്‍ യൂസഫ് അല്‍ഖറദാവി ഈജിപ്ഷ്യന്‍ കവിയും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരായ എതിര്‍പ്പിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. 2011 ല്‍ ഈജിപ്തിലെ പ്രക്ഷോഭത്തിനിടെ പ്രമുഖ ശബ്ദമായി ഉയര്‍ന്നുവന്നു. മുഹമ്മദ് അല്‍ബറാദിയുടെ രാഷ്ട്രീയ പ്രചാരണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. പിന്നീട് 2012 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അബ്ദുല്‍മുന്‍ഇം അബുല്‍ഫുത്തൂഹിനെ പിന്തുണച്ചു. അബ്ദുറഹ്‌മാന്‍ യൂസഫ് അല്‍ഖറദാവിയുടെ കവിതകള്‍ പലപ്പോഴും രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്.







