ദുബൈ– യുഎഇയിൽ ദുബൈ ഇൻ്റർ നാഷണൽ എയർപോർട്ട്, മക്തൂം ഇൻ്റർ നാഷണൽ എയർപോർട്ട്, അബുദാബി സായിദ് ഇൻ്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന വിവിനോദസഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന. ഷാർജ വിമാനത്താവളവും ഭാഗികമായി പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു. സംഘർഷം തുടങ്ങിയത് മുതൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനായി ഇത്തിഹാദ് എയർവേയ്‌സിന്റെ 15 യാത്രാ വിമാനങ്ങൾ അബുദാബിയിൽ നിന്ന് സർവീസ് ആരംഭിച്ചു.
സന്ദർശക വീസയിൽ ദുബൈയിലും അബുദാബിയിലും എത്തിയവരെ തിരികെ നാടുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ മറ്റു വിമാന കമ്പനികളായ എമിറേറ്റ്സ്,ഫ്ലൈ ദുബൈ എന്നിവരും ആരംഭിച്ചിട്ടുണ്ട്. നേരെത്തെ ടിക്കറ്റ് എടുത്ത് വെച്ച് യാത്ര ചെയ്യാൻ കഴിയാതിരുന്നവർക്കാണ് ഇതിൽ യാത്ര ചെയ്യാൻ കഴിയുക. പുതിയതായി ടിക്കറ്റ് എടുത്തു യാത്ര ചെയ്യാനുള്ള സൗകര്യം ഇപ്പോൾ യുഎഇയിലെ ഒരു വിമാന കമ്പനിയും നൽകുന്നില്ല. അത് കൊണ്ട് തന്നെ വിമാന കമ്പനികളുടെ അറിയിപ്പു ലഭിക്കുന്നവർ മാത്രം വിമാനത്താവളങ്ങളിലേക്ക് എത്തിയാൽ മതിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.



