ദുബായ്- ദേശീയ പ്രതിരോധ നീക്കങ്ങളെയും സൈനിക നടപടികളെയും കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിന് 17 ഇന്ത്യക്കാർ ഉൾപ്പെടെ 25 പ്രവാസികളെ യു.എ.ഇയിൽ അറസ്റ്റ് ചെയ്തു. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽശാംസിയാണ് ഇവർക്കെതിരെ അറസ്റ്റ് ഉത്തരവിട്ടത്. പിടിയിലായവരിൽ ഇന്ത്യക്കാരെ കൂടാതെ നേപ്പാൾ, ഈജിപ്ത്, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ് സ്വദേശികളുമുണ്ട്. ഫിലിപ്പൈൻസിൽ നിന്നുള്ള രണ്ട് വനിതകളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ വ്യാജ വീഡിയോകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇവരെ അതിവേഗ വിചാരണയ്ക്കായി കോടതിയിലേക്ക് റഫർ ചെയ്തത്.
മൂന്ന് ഗ്രൂപ്പുകളായാണ് പ്രതികൾ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുഎഇ വ്യോമാതിർത്തിയിലെ മിസൈൽ പ്രതിരോധ നടപടികളുടെ ദൃശ്യങ്ങൾ പകർത്തി ഭീതിജനകമായ ശബ്ദരേഖകൾ ചേർത്ത് പ്രചരിപ്പിക്കുകയാണ് ആദ്യ സംഘം ചെയ്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ഫോടനങ്ങളുടെയും മിസൈൽ ആക്രമണങ്ങളുടെയും വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ച് രാജ്യത്തിനകത്ത് നടന്ന സംഭവങ്ങളാണെന്ന് വരുത്തിത്തീർക്കാൻ രണ്ടാമത്തെ സംഘം ശ്രമിച്ചു.
ഇറാന്റെ സൈനിക നടപടികളെയും നേതാക്കളെയും മഹത്വവൽക്കരിക്കുകയും യുഎഇയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ പ്രചരിപ്പിക്കുകയുമാണ് മൂന്നാമത്തെ സംഘം ചെയ്തത്. രാജ്യത്തിന്റെ പ്രതിരോധ ശേഷിയെക്കുറിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതും പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതുമായ ഇത്തരം നീക്കങ്ങൾ അതീവ ഗൗരവകരമായാണ് അധികൃതർ കാണുന്നത്.
നിലവിലെ സാഹചര്യത്തിൽ സൈബർ ഇടങ്ങളിലെ നിരീക്ഷണം കർശനമാക്കിയതായും രാജ്യത്തിന്റെ സുരക്ഷയെയും പൊതുസ്ഥിരതയെയും ബാധിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. സത്യാവസ്ഥ ബോധ്യപ്പെടാതെ ദൃശ്യങ്ങളും വിവരങ്ങളും കൈമാറുന്നത് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



