ജിദ്ദ: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറും ചർച്ച നടത്തി. പ്രതിരോധ മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ ഇരുവരും അവലോകനം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28-ന് യു.എസും ഇസ്രായിലും ചേർന്ന് ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധവും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയിൽ വിഷയമായി.
അതിനിടെ, സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ഇറാഖ് സായുധ സേന കമാൻഡർ-ഇൻ-ചീഫ് ഓഫീസ് ഡയറക്ടർ ഫസ്റ്റ് ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ അമീർ അൽശമ്മരിയുമായി സൈനിക, പ്രതിരോധ സഹകരണത്തെക്കുറിച്ച് ചർച്ച നടത്തി. സൈനിക മേഖലയിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും പ്രാദേശിക സംഭവവികാസങ്ങളും യോഗം വിലയിരുത്തിയതായി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ എക്സിൽ കുറിച്ചു.
പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും പിന്തുണയ്ക്കുന്നതിൽ തുടർച്ചയായ ഏകോപനത്തിന്റെ പ്രാധാന്യം ഇരുവരും സ്ഥിരീകരിച്ചു. ഇറാഖ് സർക്കാരിനോടും ജനങ്ങളോടും സൗദി അറേബ്യയ്ക്ക് സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ബന്ധമാണുള്ളതെന്നും, ഇറാഖിന്റെ സുരക്ഷയും വികസനവും പിന്തുണയ്ക്കാൻ സൗദി അറേബ്യ ഒപ്പമുണ്ടാകുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.







