ന്യൂദൽഹി- എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് കേരളത്തിലെ ചില മാധ്യമങ്ങളിൽ വരുന്നത് വ്യാജ വാർത്തയാണെന്ന് ശശി തരൂർ എം.പി വ്യക്തമാക്കി. ഓരോ പാർലമെന്റ് അംഗത്തിനും പൊതുപ്രവൃത്തികൾക്കായി ഇതിനകം 25 കോടി രൂപ വീതം ലഭിച്ചിട്ടുണ്ടെന്നും, ഇത് ഉപയോഗിക്കാത്ത പൊതുഫണ്ടിൽ ഇരിക്കുകയാണെന്നാണ് മാധ്യമങ്ങളിൽ വാർത്ത വരുന്നത്. എന്നാൽ ഇത് എല്ലാ അർത്ഥത്തിലും തികച്ചും തെറ്റാണെന്നും തരൂർ പറഞ്ഞു.
എം.പി.എൽ.എ.ഡി.എസ് പ്രകാരം, നിയമങ്ങൾക്ക് വിധേയമായി മൊത്തത്തിലുള്ള മണ്ഡലത്തിൽ വികസന പദ്ധതികൾ ശുപാർശ ചെയ്യാൻ ഒരു എം.പിക്ക് പ്രതിവർഷം 5 കോടി രൂപയ്ക്കാണ് അർഹതയുള്ളത്. പണം സർക്കാരിന്റെ പക്കലാണ് സൂക്ഷിക്കുന്നത്. ജില്ലാ കളക്ടറുടെ ഭരണപരവും സാങ്കേതികവുമായ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഇത് ചെലവഴിക്കുന്നത്. താൻ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾക്കായി ലഭ്യമായ ഫണ്ട് അനുവദിക്കുക എന്നത് മാത്രമാണ് ഒരു എം.പിക്ക് ചെയ്യാൻ കഴിയുന്നത്; പദ്ധതിയുടെ നിർവ്വഹണത്തിലോ, കരാറുകാരന്റെ തിരഞ്ഞെടുപ്പിലോ ഫണ്ട് വിതരണത്തിലോ എം.പിക്ക് യാതൊരു നിയന്ത്രണവുമില്ല.
ഈ ടേം ആരംഭിച്ചതു മുതൽ ആകെ 10 കോടി രൂപയാണ് എനിക്ക് അനുവദിച്ചിട്ടുള്ളത്, ഈ ഫണ്ടുകൾ പൂർണ്ണമായും വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ കളക്ടറുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, ഫണ്ട് യഥാർത്ഥത്തിൽ ചെലവഴിക്കുന്നത് എം.പിമാർ വഴിയല്ലെന്നും തരൂർ പറഞ്ഞു.







