അബുദാബി– തൊഴിലുടമയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളോ ആന്തരിക രേഖകളോ പൊതുവായി ലഭ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ടൂളുകളിൽ അപ്ലോഡ് ചെയ്യുന്നതിനെതിരെ ജീവനക്കാർക്ക് മുന്നറിയിപ്പുമായി യു.എ.ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. അപകടസാധ്യതകൾ മനസ്സിലാക്കാതെ ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് ജീവനക്കാരും ഔദ്യോഗിക വിവരങ്ങൾ പൊതുവായ എ.ഐ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന ആഗോള പഠനറിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം.
കോർപ്പറേറ്റ് വിവരങ്ങൾ സുരക്ഷിതമായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം എടുത്തുപറഞ്ഞു. മന്ത്രാലയത്തിന്റെ ‘ലേബർ മാർക്കറ്റ്’ മാസികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങളും തൊഴിൽ മേഖലയിൽ എ.ഐ ഫലപ്രദമായി ഉപയോഗിക്കേണ്ട രീതികളും വിശദീകരിച്ചിരിക്കുന്നത്.
പ്രധാന നിർദ്ദേശങ്ങൾ:
- വ്യക്തിഗത കരിയർ പ്ലാനിങ്: ജീവനക്കാർക്ക് എ.ഐ സഹായത്തോടെ വ്യക്തിഗത തൊഴിൽ വികസന പദ്ധതികളും പ്രതിവാര പഠന പദ്ധതികളും മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം. നിലവിലെ ജോലി, മുൻപരിചയം, അടുത്ത വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ, മെച്ചപ്പെടുത്തേണ്ട കഴിവുകൾ എന്നിവ നൽകിയാൽ അനുയോജ്യമായ പഠന വിഭവങ്ങൾ ഉൾപ്പെടെയുള്ള പ്ലാനുകൾ ലഭ്യമാകും.
- സ്ഥാപനങ്ങൾക്ക് അനുയോജ്യമായ എ.ഐ: ഒരു സ്ഥാപനത്തിന്റെ പ്രത്യേക ആവശ്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുസൃതമായി, നിലവിലുള്ള എ.ഐ മോഡലുകളെ പ്രത്യേക വിവരങ്ങൾ നൽകി പരിശീലിപ്പിച്ച് കൂടുതൽ കൃത്യമായ മറുപടികൾ നേടുന്ന രീതിയും മന്ത്രാലയം പരിചയപ്പെടുത്തുന്നു.
- ശബ്ദരൂപത്തിലേക്ക് മാറ്റാൻ ഇലവൻ ലാബ്സ്: എഴുതിയ ഉള്ളടക്കങ്ങളും റിപ്പോർട്ടുകളും അറബിക് ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ സ്വാഭാവിക ശബ്ദരൂപത്തിലേക്ക് മാറ്റുന്ന ‘ഇലവൻ ലാബ്സ്’ എന്ന ടൂളിനെക്കുറിച്ചും മാസികയിൽ പരാമർശിക്കുന്നുണ്ട്. ഇതിന്റെ സൗജന്യ പതിപ്പ് elevenlabs.io എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.



