കുവൈത്ത് സിറ്റി- ലഹരിമരുന്നുകളും മനോവിഭ്രാന്തിയുണ്ടാക്കുന്ന ലഹരിവസ്തുക്കളും കൈവശം വെച്ചതിന്, ഭരണം കൈയാളുന്ന അല്‍സ്വബാഹ് കുടുംബത്തിലെ അംഗമടക്കം രണ്ടുപേരെ കുവൈത്ത് അധികൃതര്‍ അറസ്റ്റ് ചെയ്തു. നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ക്രിമിനല്‍ സുരക്ഷാ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് (ലഹരിമരുന്ന് നിയന്ത്രണ വിഭാഗം) ആണ് അറസ്റ്റ് നടത്തിയത്.
1.2 കിലോഗ്രാം ഹഷീഷ്, 262 ലിറിക്ക ക്യാപ്സ്യൂളുകള്, 100 സനാക്സ് ഗുളികകള്‍, 200 ട്രാമല്‍ ഗുളികകള്‍, ലഹരിമരുന്നാണെന്ന് സംശയിക്കുന്ന 38 ഗുളികകള്‍, നാല് തുലാസുകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു. തുടര്‍നടപടികള്‍ക്കായി തൊണ്ടി സഹിതം പ്രതികളെ ലഹരിമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രോസിക്യൂഷന് വിഭാഗത്തിന് കൈമാറാനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും പ്രത്യേക ഇളവുകളോ വിവേചനമോ ഇല്ലാതെ, നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാനും എല്ലാവര്ക്കും തുല്യമായി നിയമം നടപ്പാക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അറസ്റ്റുകള്‍ എന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. നിയമത്തിന് മുന്നില്‍ ആരും അതീതരല്ല എന്ന് വ്യക്തമാക്കിക്കൊണ്ട്, നീതിയുടെയും സമത്വത്തിന്റെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി.



