വാഷിംഗ്ടൺ- സൗദി അറേബ്യയിലേക്കുള്ള പുതിയ അമേരിക്കൻ അംബാസഡറായി റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധിയും യു.എസ് സൈന്യത്തിലെ മുൻ ഉദ്യോഗസ്ഥനുമായ വെസ്ലി ഹണ്ടിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. ടെക്സാസിൽ നിന്നുള്ള ജനപ്രതിനിധിയായ വെസ്ലി ഹണ്ട്, മുമ്പ് യു.എസ് ആർമി ഓഫീസറായി സൗദി അറേബ്യയിൽ നയതന്ത്രപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്. യു.എസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ വെസ്ലി ഹണ്ടിന് അംബാസഡറായി ചുമതലയേൽക്കാം.
2025 ജനുവരിയിൽ ട്രംപ് രണ്ടാമതും പ്രസിഡന്റായി ചുമതലയേറ്റത് മുതൽ റിയാദിലെ യു.എസ് അംബാസഡർ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങളും സൗദിക്ക് നേരെ യെമനിലെ ഹൂത്തി വിമതരുടെ ആക്രമണങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നിയമനം.
സൗദിയും ഇറാനും തമ്മിൽ യുദ്ധമില്ല- ഇറാൻ പ്രസിഡന്റ്
രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് വെസ്ലി ഹണ്ട് ആർമിയിൽ വെസ്റ്റ് പോയിന്റ് ബിരുദധാരിയായ അപ്പാച്ചെ ഹെലികോപ്റ്റർ പൈലറ്റായിരുന്നു. ഇറാഖ് യുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം ക്യാപ്റ്റൻ പദവിയിലാണ് സൈന്യത്തിൽ നിന്ന് വിരമിച്ചത്. സൈനിക പരിചയവും ട്രംപുമായുള്ള അടുത്ത ബന്ധവുമാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര പദവികളിലൊന്നിലേക്ക് വെസ്ലി ഹണ്ട് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
