മസ്കത്ത്– ഒമാനിലെ മുസന്ദം തീരത്തിനടുത്ത് പനാമ പതാക വഹിച്ച വാണിജ്യ കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ ഒമാൻ റോയൽ നേവിയും ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററും ചേർന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. ഒമാൻ തീരത്ത് നിന്ന് ഏകദേശം 1.6 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിൽ നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കി ഒമാൻ തീരത്തോട് ചേർന്നുള്ള തെക്കൻ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകൾ തടസ്സങ്ങൾ നേരിട്ടതിനെ തുടർന്ന് തെക്കൻ ജലമേഖലയിൽ സഞ്ചാരം നിർത്തിവെച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. യു.എസ് സൈന്യത്തിന്റെ പിന്തുണയോടെ അനധികൃത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച ഈ കപ്പലുകൾ റേഡിയോ വഴിയുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഇറാൻ വ്യക്തമാക്കി.
മേഖലയിൽ മൈനുകളിൽ ഇടിച്ച് സ്ഫോടനവും അഗ്നിബാധയും ഉണ്ടായതിനെ തുടർന്ന് നാല് ടാങ്കറുകൾ നിർത്തിയിട്ടിരിക്കുകയാണെന്ന് ഇറാൻ സായുധ സേന വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകൾ നിർദ്ദിഷ്ട പാത മാത്രം ഉപയോഗിക്കണമെന്നും ഇറാൻ സേനയുമായി ഏകോപനം നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.



