ജിദ്ദ– എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കെനിയയിലേക്കും തിരിച്ചുമുള്ള യാത്രകൾ സൗദി അറേബ്യ പൂർണ്ണമായും വിലക്കി. കെനിയൻ പൗരന്മാർക്ക് നൽകിവന്നിരുന്ന എല്ലാത്തരം വിസകളും അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകളുടെ പകർച്ചവ്യാധി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനാണ് ഈ തീവ്ര പ്രതിരോധ നടപടികൾ സ്വീകരിച്ചത്.
സൗദി പൗരന്മാർ കെനിയയിലേക്ക് യാത്ര ചെയ്യുന്നത് തടഞ്ഞതിനൊപ്പം, കഴിഞ്ഞ 21 ദിവസത്തിനിടെ കെനിയയിലോ എബോള വ്യാപനം റിപ്പോർട്ട് ചെയ്ത മറ്റ് രാജ്യങ്ങളിലോ താമസിച്ചിട്ടുള്ളവർ മൂന്നാം രാജ്യം വഴി സൗദിയിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.
2019 ജൂലൈയിൽ ആരംഭിച്ച പ്രതിരോധ നടപടികളുടെയും 2026 മേയിൽ എബോള സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ശക്തമാക്കിയ മുൻകരുതലുകളുടെയും തുടർച്ചയായാണ് പുതിയ ഉത്തരവ്. മുൻപ് 2026 ജൂണിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും സൗദി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അതേസമയം, സൗദി അറേബ്യയിലെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ സുരക്ഷിതമാണെന്നും രോഗവ്യാപന സാദ്ധ്യതകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) വ്യക്തമാക്കി. അതിർത്തി പ്രവേശന കവാടങ്ങളിലെ പരിശോധന, മുൻകൂട്ടിയുള്ള ആരോഗ്യ പ്രതികരണ സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വിഖായ അറിയിച്ചു.



