തെൽഅവീവ്– ഇറാനെതിരായ സൈനിക നടപടികൾക്കുള്ള സാധ്യതകൾ വർധിച്ചുവരുന്നതിനിടെ, അമേരിക്ക പത്ത് സൈനിക ചരക്ക് വിമാനങ്ങളും പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇസ്രായേലിലേക്ക് മാറ്റി. തെക്കൻ ഇസ്രായേലിലെ നെഗേവ് മേഖലയിലുള്ള ഒവ്ഡ, നെവാറ്റിം വ്യോമ താവളങ്ങളിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ യു.എസ് വിമാനങ്ങൾ ഇറങ്ങിയത്. അമേരിക്കയിലെ ടെക്സസിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിൽ നിന്നാണ് ഇവ പുറപ്പെട്ടതെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ, ഖത്തറിലും ജോർദാനിലും യു.എസ് ചരക്ക് വിമാനങ്ങൾ എത്തിയതായും വിവരമുണ്ട്.
വരുന്ന നവംബറിൽ ഒരു അമേരിക്കൻ വിമാനവാഹിനിക്കപ്പൽ കൂടി മേഖലയിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ നീക്കങ്ങളെക്കുറിച്ച് യു.എസ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. വിമാനങ്ങളിൽ എത്തിച്ച ചരക്കുകളുടെ വിവരങ്ങളോ സൈനിക നീക്കത്തിന്റെ യഥാർത്ഥ ലക്ഷ്യമോ വ്യക്തമല്ലെങ്കിലും, ഇസ്രായേലും അമേരിക്കയും തമ്മിൽ ശക്തമായ ഏകോപനം നടക്കുന്നുണ്ടെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇറാനുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുക്കുന്ന ഏത് തീരുമാനത്തിനും തങ്ങൾ സജ്ജമാണെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു.
ഇറാനെതിരായ ആക്രമണങ്ങളുടെ സൈനിക ഓപ്ഷനുകൾ ട്രംപ് വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, അടുത്ത മാസം ഇറാനിൽ യു.എസ് പെട്ടെന്നുള്ള വ്യോമാക്രമണം നടത്തുകയും പിന്നീട് കാര്യമായ ലക്ഷ്യങ്ങൾ കൈവരിക്കാതെ വേഗത്തിൽ കരാറിലെത്തി സൈനിക നീക്കം അവസാനിപ്പിക്കുകയും ചെയ്യുമോ എന്ന് ഇസ്രായേലി സൈന്യത്തിന് ആശങ്കയുണ്ട്. ചെറിയ രീതിയിലുള്ള വ്യോമാക്രമണം കൊണ്ട് ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനോ അവരുടെ ആണവ പദ്ധതികൾ തടയാനോ സാധിക്കില്ലെന്നാണ് ഇസ്രായേൽ സൈനിക നേതൃത്വത്തിന്റെ വിലയിരുത്തൽ. ട്രംപിന്റെയും ഇസ്രായേലി രാഷ്ട്രീയ നേതൃത്വത്തിന്റെയും ലക്ഷ്യങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ച് ഇസ്രായേലി സുരക്ഷാ വിഭാഗങ്ങളും മുന്നറിയിപ്പ് നൽകുന്നുണ്ട്.



