ജിദ്ദ – ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കേസുകളില്‍ വേദന കുറക്കാനും സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുള്ള മെഡിക്കല്‍ ഉപകരണത്തെ കുറിച്ച പരസ്യത്തില്‍ കൃത്യമല്ലാത്തതും അതിശയോക്തി കലര്‍ന്നതുമായ മെഡിക്കല്‍ അവകാശവാദങ്ങള്‍ അടങ്ങിയതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ ശ്രദ്ധയില്‍ പെട്ടു. ഇത് മെഡിക്കല്‍ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും പരസ്യം നിയന്ത്രിക്കുന്ന വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണ്. കുറ്റക്കാരായ കമ്പനിക്കെതിരെ അതോറിറ്റി ആവശ്യമായ നിയമനടപടി സ്വീകരിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ ആരോഗ്യ സ്ഥാപനം അടച്ചുപൂട്ടി. പരസ്യം ചെയ്ത സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഇത്തരം നിയമ ലംഘനങ്ങള്‍ മെഡിക്കല്‍ ഉപകരണ നിയമത്തിലെയും അതിന്റെ നടപ്പാക്കല്‍ ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിധേയമാണെന്ന് അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘകര്‍ക്ക് 50 ലക്ഷം റിയാല്‍ വരെ പിഴയും 180 ദിവസത്തില്‍ കൂടാത്ത കാലയളവിലേക്ക് സ്ഥാപനം താല്‍ക്കാലികമായി അടച്ചുപൂട്ടല്‍, അതേ കാലയളവിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും വസ്തുക്കളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള വിലക്ക്, ലൈസന്‍സ് റദ്ദാക്കല്‍ എന്നീ ശിക്ഷകള്‍ ലഭിക്കും.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ലംഘനങ്ങളെ കുറിച്ച് ഏകീകൃത നമ്പര്‍ ആയ 19999 വഴി സ്വദേശികളും വിദേശികളും റിപ്പോര്‍ട്ട് ചെയ്യണം.
സൗദിയില്‍ ബിനാമി ബിസിനസ് കേസില്‍ ആറു പേര്‍ക്ക് തടവും പിഴയും സ്വത്ത് കണ്ടുകെട്ടലും
ആരോഗ്യം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്, മെഡിക്കല്‍ വിവരങ്ങളുടെയും അവകാശവാദങ്ങളുടെയും കൃത്യത ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് പരിശോധിക്കണമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.
