ബുറൈദ: അൽ-ഖസീം പ്രവിശ്യയിൽ ബിനാമി ബിസിനസ് നടത്തിയ കേസിൽ ആറ് പേർക്ക് അൽ-ഖസീം ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. കോൺട്രാക്ടിംഗ്, മെഡിക്കൽ ഉപകരണങ്ങൾ, പുകയില ഉൽപ്പന്ന വിതരണ മേഖലകളിൽ ഒരു കമ്പനിയും നാല് സ്ഥാപനങ്ങളും വിദേശ നിക്ഷേപ ലൈസൻസ് ഇല്ലാതെ നിയമവിരുദ്ധമായി നടത്തിയ കേസിലാണ് ശിക്ഷ. യെമനി പൗരന്മാരും സഹോദരന്മാരുമായ സദ്ദാം റസാസ് അഹ്മദ് ഹമൂദ്, ഹൈതം റസാസ് അഹ്മദ് ഹമൂദ്, ബസ്സാം റസാസ് അഹ്മദ് ഹമൂദ്, ഫലസ്തീനി പൗരനായ അഹ്മദ് ശൗഖി അതായ അൽ-ത്വനാനി, സൗദി പൗരന്മാരായ സ്വാലിഹ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ-മർസൂഖ്, ബന്ദർ ബിൻ ഫഹദ് ബിൻ അബ്ദുല്ല അൽ-ഹുമൈദ് എന്നിവർക്കാണ് ശിക്ഷ.
വിദേശികളായ പ്രതികൾ, സെയിൽമാൻ വിസയിൽ രാജ്യത്ത് താമസിച്ചിരുന്നവർ, തങ്ങളുടെ വരുമാനത്തിന് അനുസൃതമല്ലാത്ത ഭീമമായ സാമ്പത്തിക ഇടപാടുകൾ നടത്തുകയും നിയമവിരുദ്ധമായി സമ്പാദിച്ച പണം വിദേശത്തേക്ക് അയക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവർ ബിനാമി ബിസിനസിലൂടെ സമ്പാദിച്ച 23,92,92,602 റിയാലും 26 കാറുകളും കോടതി കണ്ടുകെട്ടി.
മൂന്നര ലക്ഷം റിയാൽ പിഴ, യെമനികൾക്കും ഫലസ്തീനിക്കും രണ്ട് വർഷം തടവ്, ബന്ദർ ബിൻ ഫഹദിന് രണ്ട് വർഷം തടവ് എന്നിവ വിധിച്ചു. സ്വാലിഹ് അൽ-മർസൂഖിനെ കുറഞ്ഞ പങ്കാളിത്തം കണക്കിലെടുത്ത് തടവിൽ നിന്ന് ഒഴിവാക്കി. ശിക്ഷ കഴിഞ്ഞ് വിദേശികളെ നാടുകടത്താനും ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനും, ലൈസൻസുകളും കൊമേഴ്‌സ്യൽ രജിസ്ട്രേഷനുകളും റദ്ദാക്കാനും, സ്ഥാപനങ്ങൾ പൂട്ടാനും, സകാത്ത്, ഫീസ്, നികുതി എന്നിവ ഈടാക്കാനും കോടതി ഉത്തരവിട്ടു. പ്രതികളുടെ വിവരങ്ങളും ശിക്ഷയും രണ്ട് പ്രാദേശിക പത്രങ്ങളിൽ പരസ്യപ്പെടുത്താനും ഉത്തരവുണ്ട്.