ജിദ്ദ – ലോകത്ത് ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളില്‍ പകുതിയും ഗള്‍ഫില്‍. ഷാര്‍ജ, ദോഹ, റിയാദ്, മസ്‌കത്ത്, ദുബൈ എന്നീ ഗള്‍ഫ് നഗരങ്ങളാണ് ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. സൗദി തലസ്ഥാനമായ റിയാദ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ആറാമത്തെ നഗരമാണ്. കൂടാതെ യു.എ.ഇ നഗരമായ ഷാര്‍ജ രണ്ടാമതും, ഖത്തർ തലസ്ഥാനമായ ദോഹ അഞ്ചാമതും, ഒമാൻ തലസ്ഥാനമായ മസ്കത്ത് എട്ടാം സ്ഥാനത്തും, യുഎഇ നഗരമായ ദുബൈ ഒമ്പതാം സ്ഥാനത്തുമാണ്.
പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാക്കോവ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. യൂറോമോണിറ്റര്‍ റാങ്ക് ചെയ്ത ലോകത്തെ മികച്ച 100 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള 100 നഗരങ്ങളെ വിശകലനം ചെയ്താണ് റാഡിക്കല്‍ സ്റ്റോറേജ് കമ്പനി വിദഗ്ധർ ഈ പട്ടിക തയാറാക്കിയത്. കഴിഞ്ഞ ഒരു വർഷത്തെ 70,000 ലേറെ ഓണ്‍ലൈന്‍ വിലയിരുത്തലുകള്‍ ഉപയോഗിച്ച് ഓരോ നഗരത്തെയും അതിന്റെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തിയത്.
ഈ വിലയിരുത്തിലിലാണ് ക്രാക്കോവ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. ക്രാക്കോവ് നഗരത്തിന് 98.5 ശതമാനം പോസിറ്റീവ് റേറ്റിംഗും ലഭിച്ചു. ആദ്യ പത്തിൽ പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സോ നാലാം സ്ഥാനത്തും ഇടം നേടി.
ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളില്‍ യഥാക്രമം ഒന്നു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍ ക്രാക്കോവ്-പോളണ്ട് (98.5%), ഷാര്‍ജ-യു.എ.ഇ (98.0%), സിംഗപ്പൂര്‍ (97.9%), വാഴ്‌സോ-പോളണ്ട് (97.8%), ദോഹ-ഖത്തര്‍ (97.4%), റിയാദ്-സൗദി അറേബ്യ (96.9%), പ്രാഗ്-ചെക്ക് റിപ്പബ്ലിക് (96.4%), മസ്‌കത്ത്-ഒമാന്‍ (96.4%), ദുബായ്-യു.എ.ഇ (96.3%), ഫുകുവോക്ക-ജപ്പാന്‍ (96.3%) എന്നീ നഗരങ്ങളാണ്.
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വൃത്തിഹീനമായ നഗരമായും തെരഞ്ഞെടുക്കപ്പെട്ടു.



