മക്ക – രാജ്യത്ത് നിലവിലുള്ള നിയമ, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ മരുഭൂമിയിലൂടെ മക്കയിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിച്ച പ്രവാസികളെ ഹജ്, സുരക്ഷാ സേന പിടികൂടി. നാലു ഈജിപ്തുകാരും ഒരു യെമനിയുമാണ് പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് ദുര്‍ഘടമായ മരുഭൂമി വഴി മക്കയിലേക്ക് കാല്‍നടയായി സഞ്ചരിക്കുന്നതിനിടെ കുടുങ്ങിയത്. ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് സംഘത്തെ ഹജ്, സുരക്ഷാ സേന കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു.
ഡ്രോണ്‍ നിരീക്ഷണത്തിലൂടെ സംഘത്തെ കണ്ടെത്തുന്നതിന്റെയും പോലീസ് വാഹനങ്ങള്‍ കുതിച്ചെത്തി കസ്റ്റഡിയിലെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.
പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് കുടുങ്ങുന്നവര്‍ക്ക് 20,000 റിയാല്‍ തോതില്‍ പിഴ ചുമത്തും. ഇത്തരക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് 1,00,000 റിയാല്‍ തോതില്‍ പിഴ ചുമത്തി വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. ഹജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും ആവശ്യപ്പെട്ടു. ഇവ ലംഘിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ് കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും അഭ്യര്‍ഥിച്ചു. പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ മക്കക്കും പുണ്യസ്ഥലങ്ങള്‍ക്കും ചുറ്റും സുരക്ഷാ വകുപ്പുകള്‍ ശക്തമായ സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്.



