റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആക്രമണത്തിന് മുതിർന്നാൽ അഭൂതപൂർവമായ ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഹൂത്തികൾക്ക് മുന്നറിയിപ്പ് നൽകി അറബ് സഖ്യസേന. യെമൻ ജനതയ്ക്കെതിരെ തങ്ങൾ നടത്തുന്ന ഗുരുതരമായ നിയമലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഹൂത്തി മിലീഷ്യകൾ സൗദിക്കെതിരെ ഇപ്പോൾ പ്രസ്താവനകൾ ഇറക്കുന്നതെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി.
തങ്ങൾ കാരണം യെമൻ ജനത അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളും കഷ്ടപ്പാടുകളും അയൽരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഹൂത്തികൾ ശ്രമിക്കുന്നത്. തങ്ങൾ നേരിടുന്ന ഗോത്രപരവും സാമൂഹികവുമായ ഒറ്റപ്പെടൽ മറച്ചുവെക്കാനും ഇത്തരം പ്രസ്താവനകളിലൂടെ ഇവർ ലക്ഷ്യമിടുന്നു. പ്രാദേശിക-അന്തർദേശീയ സുരക്ഷയെ തകർക്കാനും സംഘർഷം വർധിപ്പിക്കാനുമുള്ള ഹൂത്തികളുടെ ശത്രുതാപരമായ സമീപനത്തിന്റെ തുടർച്ചയാണിത്.
സമാധാന ശ്രമങ്ങളെ അട്ടിമറിച്ചു
ഹൂത്തികളുടെ അട്ടിമറി കാരണം ദുരിതത്തിലായ യെമൻ ജനതയെ സഹായിക്കാൻ സൗദി അറേബ്യയും സഖ്യസേനയും അന്താരാഷ്ട്ര പങ്കാളികളും ഒട്ടനവധി മാനുഷിക സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്. യെമൻ സർക്കാർ അംഗീകരിച്ച സമാധാനത്തിനായുള്ള ‘റോഡ് മാപ്പ്’ ഹൂത്തികൾ നിരാകരിക്കുകയായിരുന്നു. ശാശ്വത സമാധാനത്തിനുള്ള മുഴുവൻ ശ്രമങ്ങളെയും തള്ളിക്കളഞ്ഞ ഹൂത്തികൾ, തെക്കൻ ചെങ്കടലിലും ബാബ് അൽമന്ദബ് കടലിടുക്കിലും ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണം വ്യാപിപ്പിച്ചു.
ഇത്തരം നടപടികൾ യെമൻ ജനതയ്ക്ക് തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഹുദൈദ, സലീഫ്, റാസ് ഈസ തുറമുഖങ്ങളിലും സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഇവരുണ്ടാക്കിയത്. കൂടാതെ വൈദ്യുതി നിലയങ്ങൾ, ഫാക്ടറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ആസ്തികളും ഹൂത്തികൾ ആക്രമിച്ചു തകർത്തു.
കർശന നടപടിയുണ്ടാകും
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ, സൗദി അറേബ്യയെയോ രാജ്യത്തെ പൗരന്മാരെയോ ദേശീയ ആസ്തികളെയോ ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തെയും നിർണ്ണായകമായി ചെറുക്കുമെന്ന് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. സൗദിയുടെ സുരക്ഷയെയോ യെമന്റെ പരമാധികാരത്തെയോ ലംഘിക്കാൻ ശ്രമിച്ചാൽ സഖ്യസേനയിൽ നിന്ന് അതിശക്തമായ പ്രതികരണവും തിരിച്ചടിയുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.



