ജിദ്ദ: ചെങ്കടലിൽ സൗദി എണ്ണ ടാങ്കറിന് നേരെ ആക്രമണമുണ്ടായതായി സൗദി നാഷണൽ ഷിപ്പിംഗ് കമ്പനിയായ ‘ബഹ്രി’ അറിയിച്ചു. ബഹ്രിക്ക് കീഴിലുള്ള ‘അംസാൻ’ എന്ന എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണം നടന്നത്. ടാങ്കറിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കമ്പനി സ്ഥിരീകരിച്ചു.
കപ്പലുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സമുദ്രസുരക്ഷാ മേഖലയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബഹ്രി വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ, സമുദ്ര പരിസ്ഥിതി സംരക്ഷണം, കപ്പലുകളുടെ സുരക്ഷിതമായ പ്രവർത്തനം എന്നിവയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ സർവീസുകൾ തുടരുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം തൽക്കാലം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, യെമനിലെ ഹൂത്തി മിലിഷ്യകളാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ ചെങ്കടൽ വഴി സഞ്ചരിച്ച ഏതാനും സൗദി എണ്ണ കപ്പലുകൾക്ക് നേരെ ഹൂത്തികൾ ആക്രമണം നടത്തിയിരുന്നു.







