ജിദ്ദ: ഇക്കഴിഞ്ഞ സീസണിൽ (2025-2026) സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ അരി ഇറക്കുമതിയിൽ ഏകദേശം 7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 2024-2025 സീസണിൽ 13.8 ലക്ഷം ടണ്ണായിരുന്ന ഇറക്കുമതി, 2025-2026 സീസണിൽ 12.8 ലക്ഷം ടണ്ണായാണ് കുറഞ്ഞത് (ഏകദേശം ഒരു ലക്ഷം ടണ്ണിന്റെ ഇടിവ്). 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവാണ് കഴിഞ്ഞ സീസണിലെ ഇറക്കുമതി കണക്കിൽ ഉൾപ്പെടുന്നത്.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ബസുമതി, ബസുമതി ഇതര അരി എന്നിവയുടെ മൊത്തം വിപണി മൂല്യം മുൻവർഷത്തെ 132 കോടി ഡോളറിൽ നിന്ന് 19 ശതമാനം കുറഞ്ഞ് 107 കോടി ഡോളറിലെത്തി.
ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും
നിലവിൽ 3,000-ലധികം ഇന്ത്യൻ കമ്പനികൾ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഈ എണ്ണം പ്രതിദിനം വർധിച്ചുവരികയാണെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ വ്യക്തമാക്കി. സൗദിയിലെ ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം 300 കോടി ഡോളർ കവിഞ്ഞു. സമാനമായ രീതിയിൽ ഇന്ത്യയിലെ സൗദി നിക്ഷേപവും വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 4,200 കോടി ഡോളറിലെത്തി. ഇതിൽ ഏകദേശം 1,000 കോടി ഡോളർ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയാണ്. സൗദിയിലേക്കുള്ള ഇന്ത്യൻ കാർഷിക കയറ്റുമതിയുടെ മൂല്യം 180 കോടി ഡോളറോളമാണ്. ഇതിൽ 100 കോടി ഡോളറിലധികവും ബസുമതി, ബസുമതി ഇതര അരി കയറ്റുമതിയിൽ നിന്നാണ്. സൗദിയിലേക്ക് കയറ്റി അയക്കുന്ന അരിയിൽ ഏറ്റവും വലിയ പങ്ക് ബസുമതിയ്ക്കാണ്.
സൗദി ഫുഡ് എക്സിബിഷൻ 2026
ജിദ്ദ സൂപ്പർഡോമിൽ നടന്ന ‘സൗദി ഫുഡ് എക്സിബിഷൻ’ പോലുള്ള പ്രദർശനങ്ങൾ വ്യാപാര പങ്കാളികൾക്ക് ആശയങ്ങൾ പങ്കുവെക്കാനും ഇന്ത്യൻ വിപണിയിലെ പുതിയ ഉൽപ്പന്നങ്ങളെ കുറിച്ച് പഠിക്കാനും മികച്ച അവസരമാണ് നൽകുന്നതെന്ന് കോൺസൽ ജനറൽ പറഞ്ഞു. വിതരണ ശൃംഖലയിലെ പുതിയ പങ്കാളികളുമായി ബന്ധപ്പെടാനും സുസ്ഥിരമായ ബിസിനസ് ബന്ധങ്ങൾ കെട്ടിപ്പടുക്കാനും ഇത്തരം വേദികൾ സഹായിക്കും. ഇന്ത്യൻ കയറ്റുമതിക്കാരുടെ പരിചയസമ്പത്തും ഇന്ത്യൻ ഉൽപ്പന്നങ്ങളോട് സൗദി ഉപഭോക്താക്കൾക്കുള്ള താല്പര്യവും കണക്കിലെടുക്കുമ്പോൾ സൗദി വിപണിയിൽ വൻ സാധ്യതകളാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആൻഡ് ടെക്നോളജി സോൺസുമായി (MODON) പങ്കാളിത്തത്തോടെയാണ് ‘സൗദി ഫുഡ് 2026’, ‘സൗദി ഫുഡ് മാനുഫാക്ചറിങ് 2026’ എന്നീ പ്രദർശനങ്ങൾ ജിദ്ദ സൂപ്പർഡോമിൽ സംഘടിപ്പിച്ചത്. ഭക്ഷ്യ-പാനീയ മേഖലയിലെ നിരവധി ഉദ്യോഗസ്ഥരും വിദഗ്ധരും ചടങ്ങിൽ പങ്കെടുത്തു.
രണ്ട് വലിയ പ്രദർശനങ്ങൾ ഒരൊറ്റ വേദിയിൽ സംയോജിപ്പിച്ചതോടെ, ഭക്ഷ്യ മേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ, ഉൽപ്പാദനം, വിതരണം എന്നിവയെ ബന്ധിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോമായി ഇത് മാറി. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും യഥാർത്ഥ ആവശ്യത്തിനനുസരിച്ച് ശേഷി വർധിപ്പിക്കാനും വേഗത്തിൽ തീരുമാനങ്ങളെടുക്കാനും ഇത് വഴിയൊരുക്കുന്നു. 95-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രദർശകരും ലക്ഷത്തിലധികം ഉൽപ്പന്നങ്ങളുമാണ് ഈ പരിപാടിയിൽ അണിനിരന്നത്.







