ന്യൂദൽഹി- മുഖ്യ ഇലക്ഷൻ കമ്മീഷണറുടെ ഒത്താശയോടെ ആർ.എസ്.എസ് – ബി.ജെ.പി സഖ്യം രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും കൈപ്പിടിയിലാക്കിയെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ആരോപിച്ചു. ഇന്ത്യയുടെ ജനാധിപത്യം നേരിടുന്ന വലിയ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന സി.ഡബ്ല്യു.സി യോഗത്തിലാണ് നിർണ്ണായക പ്രമേയം പാസാക്കിയത്. ‘വോട്ട് ചോരി’ (വോട്ട് മോഷണം) വഴി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന രാഹുൽ ഗാന്ധി നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് യോഗം വിലയിരുത്തി.
പെരുമാറ്റച്ചട്ടം ഏകപക്ഷീയമായി നടപ്പിലാക്കൽ, ഇ.വി.എമ്മുകളുടെ വിശ്വാസ്യതയിലുള്ള ആശങ്കകൾ, വോട്ടർ പട്ടികയിൽ തന്നിഷ്ടപ്രകാരം പേര് ചേർക്കലും വെട്ടലും, സി.ഇ.സിയെ നിയമിക്കുന്ന രീതിയിലെ മാറ്റങ്ങൾ, സി.ഇ.സിക്ക് ആജീവനാന്ത നിയമപരിരക്ഷ നൽകൽ എന്നിവയെക്കുറിച്ച് രാഹുൽ ഗാന്ധി രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ‘വൺ മാൻ ഷോ’ ആകുന്നു
മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിയാലോചിക്കാതെ സി.ഇ.സി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിലൂടെ ഇലക്ഷൻ കമ്മീഷൻ ഒരു ‘വൺ മാൻ ഷോ’ ആയി മാറിയെന്ന റിപ്പോർട്ടുകൾ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്യുന്നു. സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ (SIR) ഉപയോഗിക്കുന്ന ‘ഫോം 6’-ൽ അനധികൃതവും നിയമവിരുദ്ധവുമായ മാറ്റങ്ങൾ വരുത്തിയതിനെതിരെ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ 10 മാസത്തിനിടെ 14 തടസ്സവാദങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന എസ്.ഐ.ആർ (SIR) പ്രക്രിയയിൽ ബി.ജെ.പി പിന്തുണയുള്ള ഏതാനും ഉദ്യോഗസ്ഥരുടെ കയ്യിൽ വോട്ടർ പട്ടികയുടെ പൂർണ്ണ നിയന്ത്രണം ഏൽപ്പിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർത്തതായും സി.ഡബ്ല്യു.സി ചൂണ്ടിക്കാട്ടി. 13.30 കോടി ജനങ്ങൾക്ക് വോട്ടവകാശം നഷ്ടപ്പെട്ടുഭരണഘടനാപരമായ സാധുത ചോദ്യം ചെയ്യപ്പെടുന്ന എസ്.ഐ.ആർ പ്രക്രിയയിലൂടെ ഇതുവരെ 13 കോടി 30 ലക്ഷം ഇന്ത്യക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിൽ സി.ഡബ്ല്യു.സി കടുത്ത ആശങ്ക രേഖപ്പെടുത്തി. തങ്ങളുടെ യോഗ്യത തെളിയിക്കാനുള്ള ബാധ്യത പൗരന്മാരുടെ മേൽ അടിച്ചേൽപ്പിക്കുന്നതും, സുതാര്യമായ മുൻകരുതലുകളില്ലാതെ തിടുക്കത്തിൽ നടപ്പിലാക്കുന്നതുമായ ഈ നടപടി ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന സമത്വത്തിനും ആർട്ടിക്കിൾ 326 ഉറപ്പുനൽകുന്ന സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിനും വിരുദ്ധമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ആർക്കൊക്കെ വോട്ട് ചെയ്യാമെന്ന് തീരുമാനിക്കാൻ ഭരണഘടനാ സാധുതയില്ലാത്ത ഇത്തരം നടപടികളെ അനുവദിക്കാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.
പ്രമേയത്തിലെ പ്രധാന ആവശ്യങ്ങൾ:
ധാർമ്മികവും സ്ഥാപനപരവുമായ എല്ലാ അധികാരങ്ങളും നഷ്ടപ്പെട്ട ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ഉടനടി രാജിവെക്കുക.
എസ്.ഐ.ആർ (SIR) വഴി തയ്യാറാക്കുന്ന വോട്ടർ പട്ടികയുടെ സുതാര്യതയിലും ഭരണഘടനാപരമായ സാധുതയിലും കടുത്ത ആശങ്ക നിലനിൽക്കുന്നതിനാൽ എസ്.ഐ.ആർ നടപടികൾ ഉടനടി നിർത്തിവെക്കുക.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 13 കോടി 30 ലക്ഷം ജനങ്ങളുടെ പേരുകൾ ഉടനടി പുനഃസ്ഥാപിക്കുക.
പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ കടുത്ത വിമർശനം
പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വേണ്ടിയാണ് സി.ഇ.സി ഈ പരസ്യമായ ‘വോട്ട് ചോരി’ സംഘടിപ്പിച്ചത്. ഇവരുടെ രാജിയിലൂടെ മാത്രമേ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സുരക്ഷിതമാകൂ എന്ന് സി.ഡബ്ല്യു.സി പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ വോട്ടവകാശം കവരുന്ന ഇത്തരമൊരു മോഷണത്തിന് ശക്തമായ മറുപടി നൽകുമെന്നും, കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും ഓരോ പൗരന്റെയും വോട്ട് സുരക്ഷിതമാവുകയും ഇലക്ഷൻ കമ്മീഷന്റെ സ്വതന്ത്ര പദവി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നത് വരെ പാർലമെന്റിലും കോടതികളിലും തെരുവുകളിലും കോൺഗ്രസ് പോരാടുമെന്നും ബി.ജെ.പിക്കും അവരുടെ ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ് നൽകി. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പുനഃസ്ഥാപിക്കാനുള്ള ഈ പോരാട്ടം സ്വാതന്ത്ര്യ സമരത്തിന് തുല്യമാണെന്നും അത് ലക്ഷ്യത്തിലെത്തുന്നത് വരെ തുടരുമെന്നും പ്രമേയം വ്യക്തമാക്കുന്നു.







