ജീവിതാഭിലാഷമായ പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ ആത്മീയ നിര്‍വൃതിയില്‍, ഇക്കഴിഞ്ഞ ഹജ് സീസണില്‍ പുണ്യഭൂമിയിലെത്തിയ തീര്‍ഥാടകരില്‍ അവസാന സംഘവും സ്വദേശത്തേക്ക് മടങ്ങി. ഇതോടെ പതിനഞ്ചു ലക്ഷത്തിലേറെ വരുന്ന ഹജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി. വിദേശങ്ങളില്‍ നിന്നുള്ള 15,06,576 പേരും സൗദി അറേബ്യക്കകത്തു നിന്നുള്ള 1,66,654 പേരും അടക്കം ഇത്തവണ ആകെ 16,73,230 പേരാണ് ഹജ് കര്‍മം നിര്‍വഹിച്ചത്. അവസാന ഹജ് സംഘം സൗദിയ വിമാനത്തില്‍ മദീന എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്തോനേഷ്യയിലേക്കാണ് മടങ്ങിയത്. ഇവരെ ഉപഹാരങ്ങള്‍ വിതരണം ചെയ്ത് സൗദിയ അധികൃതര്‍ ഊഷ്മളമായി യാത്രയാക്കി.
പൊതുസ്ഥലത്തു വെച്ച് യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസി യുവാവിനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി ഏകോപനം നടത്തിയാണ് പ്രതിയായ സ്വാദിഖ് സഈദ് ഫര്‍ഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.