റിയാദ് – റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ഹൂത്തി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ബംഗ്ലാദേശി മുഫ്തിയും മതപ്രബോധകനുമായ നസ്റുല്ല അല്‍ബദര്‍ മരണപ്പെട്ടതായി ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉംറ നിര്‍വഹിക്കാന്‍ സൗദിയിലേക്ക് യാത്രതിരിച്ച ബംഗ്ലാദേശില്‍ നിന്നുള്ള പണ്ഡിതരും അധ്യാപകരും അടങ്ങിയ 45 അംഗ സംഘത്തിനൊപ്പമായിരുന്നു നസ്റുല്ല അല്‍ബദര്‍. ഇവര്‍ റിയാദ് എയര്‍പോര്‍ട്ടില്‍ നിന്ന് ഇഹ്റാമില്‍ പ്രവേശിച്ച് ജിദ്ദയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പാണ് ഹൂത്തി ആക്രമണമുണ്ടായത്. ഹൂത്തി ഭീകരര്‍ ആക്രമണം നടത്തുന്നതിന് മുമ്പ്, റിയാദ് വിമാനത്താവളത്തിനുള്ളില്‍ ഇഹ്റാം വസ്ത്രം ധരിച്ച നിരവധി തീര്‍ഥാടകര്‍ ഉംറക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീര്‍ഥാടകര്‍ വിമാനത്തില്‍ കയറാന്‍ എയര്‍പോര്‍ട്ട് ടെര്മിനലുകളിലൊന്നിനുള്ളില് കാത്തിരിക്കുന്നതായി ദൃശ്യങ്ങള്‍ കാണിക്കുന്നു. മറ്റ് ദൃശ്യങ്ങളില്‍ ആക്രമണത്തിന് ശേഷം ടെര്‍മിനലിനുള്ളില്‍ കട്ടിയുള്ള പുക ഉയരുന്നതായി കാണിച്ചു.
അതിനിടെ, ശനിയാഴ്ച റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പൗരന് മരിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ 12 പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നെങ്കിലും, പുതിയ മരണത്തോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞത് 13 ആയി ഉയര്‍ന്നു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, ആക്രമണത്തില്‍ പരിക്കേറ്റ 11 ഇന്ത്യക്കാരില്‍ മൂന്നുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടുപേര്‍ ജനറല്‍ വാര്‍ഡില്‍ ചികിത്സയിലുണ്ട്. ബാക്കിയുള്ളവര്‍ ആശുപത്രി വിട്ടു. പരിക്കേറ്റ ഇന്ത്യക്കാരെ പ്രവേശിപ്പിച്ച എല്ലാ ആശുപത്രികളും എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായി എംബസി പ്രസ്താവനയില്‍ പറഞ്ഞു.
റിയാദ് വിമാനത്താവളത്തില്‍ ഒക്ടോബര്‍ 10 നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഹൈദരാബാദ് സ്വദേശി മുഹമ്മദ് യൂസഫ് അലി മരിച്ചതായും, അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്നു പേര്‍ക്ക് പരിക്കേറ്റതായും ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസി അറിയിച്ചു. റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യൂസഫ് അലി മരണപ്പെട്ടതെന്ന് ഒവൈസി ഞായറാഴ്ച രാത്രി സ്ഥിരീകരിച്ചു. റിയാദിലുള്ള യൂസഫ് അലിയുടെ ഭാര്യാസഹോദരനുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്ന് എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പില്‍ എം.പി വ്യക്തമാക്കി. കുടുംബത്തിന് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂസഫ് അലിയുടെ ഒരു മകന് കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനാകുകയാണെന്നും, മറ്റൊരാള്‍ കാലിലെ മൂന്ന് വിരലുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലാണെന്നും ഒവൈസി പറഞ്ഞു. ശിരസ്സിന് പരിക്കേറ്റ ഇവരുടെ അമ്മായി അപകടനില തരണം ചെയ്തു. യൂസഫ് അലിയുടെ ഭാര്യയും മകളും സുരക്ഷിതരാണ്. ഹൈദരാബാദിലെ മെഹ്ദിപട്ടണം സ്വദേശികളാണ് ഈ കുടുംബമെന്ന് ഒവൈസി പറഞ്ഞു. കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കണമെന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യര്‍ഥിച്ചു.
മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള സഹായം ഉള്‍പ്പെടെ സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. മരണപ്പെട്ട ഇന്ത്യക്കാരന്റെ കുടുംബത്തെ അനുശോചനം അറിയിച്ച എംബസി, പരിക്കേറ്റവര്‍ക്ക് നല്കിയ ചികിത്സാ സൗകര്യങ്ങള്‍ക്ക് സൗദി അധികൃതരോട് നന്ദി രേഖപ്പെടുത്തി. പരിക്കേറ്റ 11 ഇന്ത്യന്‍ പൗരന്മാരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സൗദി അധികൃതരുമായും ആശുപത്രി അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് എംബസി അറിയിച്ചു.
യെമനില്‍ ഇറാന് പിന്തുണയുള്ള ഹൂത്തി വിമതര്‍ക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന, വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് ഹൂത്തികളെ കുറ്റപ്പെടുത്തുകയും ഇതിനെ യുദ്ധക്കുറ്റം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മിസൈല്‍ ഉപയോഗിച്ചാണ് എയര്‍പോര്‍ട്ട് ആക്രമിച്ചതെന്ന് ഒരു നയതന്ത്ര വൃത്തം സൂചിപ്പിച്ചു. ഈ ആക്രമണം പ്രദേശത്തെ സാധാരണക്കാരുടെ സുരക്ഷയെ കുറിച്ചും സംഘര്‍ഷം കൂടുതല്‍ വഷളാകാനുള്ള സാധ്യതയെ കുറിച്ചും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
പ്രത്യേകം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍, സൗദി അറേബ്യയിലുള്ള ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്നും, ആവശ്യമെങ്കില്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും, ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ പ്രാദേശിക അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാര്‍ത്തകളോ പ്രചരിപ്പിക്കുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും ഇന്ത്യന്‍ പൗരന്മാരോട് കര്‍ശനമായി നിര്‍ദ്ദേശിച്ചു. റിയാദിലെ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്റെ ഹെല്പ്പ്ലൈന് നമ്പറായ 8002471234 ല്‍ (ടോള്‍-ഫ്രീ) ബന്ധപ്പെടാവുന്നതാണ്.
സൗദിയിൽ ഇന്ത്യൻ എംബസിയുടെ ടോൾ ഫ്രീ നമ്പർ
24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ- 8002471234 (സൗദി അറേബ്യയിൽ മാത്രം)
റിയാദ് ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക്
▪️ +966-11-488469
▪️ +966-536216082 (വാട്ട്സ്ആപ്പ് )







