മിന: ഗാസയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മിന കൊട്ടാരത്തിലെ റോയൽ കോർട്ടിൽ ഈദ് അൽ-അദ്ഹ ആശംസകളർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കിരീടാവകാശി.
ഇസ്രായിൽ നടത്തുന്ന കനത്ത ആക്രമണത്തിൽ ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾ കഷ്ടപ്പാടുകൾ തുടരുകയാണ്. ഈ ആക്രമണത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ അവസാനിപ്പിക്കുന്നതിലും, നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കുന്നതിലും, അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം. ഹജിനും ഉംറക്കുമായി വരുന്ന കോടിക്കണക്കിന് തീർത്ഥാടകരെ സേവിക്കുന്നതിനുള്ള അവസരം നൽകി സൗദി അറേബ്യയെ സർവ്വശക്തമായ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.
ഈ പവിത്രമായ കടമയാണ് രാജ്യത്തിന്റെ മുൻഗണന. ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിനുള്ള എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുന്നുവെന്നും, അവർക്ക് അവരുടെ ആചാരങ്ങൾ എളുപ്പത്തിലും സുഖമായും നിർവഹിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നുവെന്നും കിരിടാവകാശി ഊന്നിപ്പറഞ്ഞു.