മക്ക – ഹജ് വിസകളില്‍ എത്തുന്നവര്‍ ഒഴികെയുള്ള വിദേശികള്‍ മക്കയില്‍ പ്രവേശിക്കുന്നതിനും മക്കയില്‍ തങ്ങുന്നതിനുമുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ ഹറമില്‍ തിരക്കൊഴിഞ്ഞു. ഹജ് സര്‍വീസുകള്‍ക്ക് ഇന്നു മുതല്‍ തുടക്കമായെങ്കിലും വളരെ കുറച്ച് തീര്‍ഥാടകര്‍ മാത്രമാണ് മക്കയിലെത്തിയിരിക്കുന്നത്. പതിവ് തിരക്കൊഴിഞ്ഞ ഹറമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളും ടി.വി ചാനലുകളും പുറത്തുവിട്ടു. ഇത്തവണത്തെ ഹജ് ക്രമീകരണങ്ങളുടെ ഭാഗമായി, ഉംറ വിസകളില്‍ സൗദിയിലെത്തിയവര്‍ രാജ്യം വിടേണ്ട അവസാന ദിവസം ഇന്നായിരുന്നു.
ഇന്ന് രാജ്യം വിടാതെ അനധികൃതമായി സൗദിയില്‍ തങ്ങുന്ന ഉംറ തീര്‍ഥാടകര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കും. ഹജ് വിസ ലഭിച്ചവര്‍ ഒഴികെ ഏതുതരം വിസകളും കൈവശമുള്ള വിദേശികളെ ഇന്നു മുതല്‍ ഹജ് പൂര്‍ത്തിയാകുന്നതു വരെയുള്ള കാലത്ത് മക്കയില്‍ പ്രവേശിക്കാനും മക്കയില്‍ തങ്ങാനും അനുവദിക്കില്ല. സ്വദേശികളും വിദേശികളും അടക്കം സൗദിയിലെ നിവാസികള്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും മറ്റു വിസകളില്‍ സൗദിയില്‍ കഴിയുന്നവര്‍ക്കും ഇന്നു മുതല്‍ ജൂണ്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതും നിര്‍ത്തിവെച്ചിട്ടുണ്ട്.
സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് നേടണമെന്ന വ്യവസ്ഥയും ബാധകമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നേടിയ പ്രത്യേക പെര്‍മിറ്റില്ലാത്ത വിദേശികളെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഹജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നേടിയ പ്രത്യേക പെര്‍മിറ്റോ മക്കയില്‍ ഇഷ്യു ചെയ്ത ഇഖാമയോ ഹജ് പെര്‍മിറ്റോ ഇല്ലാത്ത വിദേശികളെയും ഇവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളും മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
ഹജ് കര്‍മം നിര്‍വഹിക്കാന്‍ പെര്‍മിറ്റ് നേടണമെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുറിയിപ്പ് നല്‍കിയിട്ടുണ്ട്. പെര്‍മിറ്റല്ലാതെ ഹജ് നിര്‍വഹിച്ചും ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ചും പിടിയിലാകുന്നവര്‍, ഇന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാന്‍ ശ്രമിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദര്‍ശന വിസക്കാര്‍ എന്നിവര്‍ക്ക് 20,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക.
തസ്‌രീഹ് ഇല്ലാതെ ഹജ് നിര്‍വഹിക്കുകയോ നിര്‍വഹിക്കാന്‍ ശ്രമിക്കുകയോ ഇന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള ദിവസങ്ങളില്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ മക്കയിലും പുണ്യസ്ഥലങ്ങളിലും താമസിക്കുകയോ ചെയ്യുന്ന സന്ദര്‍ശന വിസക്കാര്‍ക്ക് വിസിറ്റ് വിസക്ക് അപേക്ഷിച്ചവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. നിയമ ലംഘകരായ സന്ദര്‍ശന വിസക്കാരുടെ എണ്ണത്തിനനുസരിച്ച് അവര്‍ക്ക് വിസക്ക് അപേക്ഷിച്ചവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. ഇന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്ന വാഹന ഡ്രൈവര്‍മാര്‍ക്കും ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.
ഇന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് മക്കയിലും പുണ്യസ്ഥലങ്ങളിലും ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, സ്വകാര്യ ഭവനങ്ങള്‍, ലോഡ്ജുകള്‍, തീര്‍ഥാടകരുടെ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കാന്‍ വിസിറ്റ് വിസക്കാരെ സഹായിക്കുവര്‍ക്കും ഇതിന് ശ്രമിക്കുന്നവര്‍ക്കും ഇതേ പിഴ ലഭിക്കും. അനധികൃതമായി താമസസൗകര്യം നല്‍കുന്ന വിസിറ്റ് വിസക്കാരുടെ എണ്ണത്തിനനുസരിച്ച് നിയമ ലംഘകര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.
തസ്‌രീഹ് ഇല്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറുന്ന, സൗദിയില്‍ നിയമാനുസൃത ഇഖാമയില്‍ കഴിയുന്ന വിദേശികളെയും മറ്റു നിയമ ലംഘകരെയും രാജ്യത്തു നിന്ന് നാടുകടത്തി പത്തു വര്‍ഷത്തേക്ക് പ്രവേശന വിലക്കുമേര്‍പ്പെടുത്തും. ഇന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് വിസിറ്റ് വിസക്കാരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.