റിയാദ്- റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂത്തി സായുധ സംഘം നടത്തിയ മിസൈലാക്രമണത്തെ ചെറുത്തതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. റിയാദ് നഗരത്തിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്സ് വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
എട്ടു ദശലക്ഷത്തിലധികം പൗരന്മാരും പ്രവാസികളും വസിക്കുന്ന തലസ്ഥാന നഗരിയായ റിയാദിലെ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഭീകരവാദ ഹൂത്തി മിലിഷ്യ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അവരുടെ ധാർഷ്ട്യത്തെയും, ഭീകരവാദത്തെയുമാണ് കാണിക്കുന്നതെന്ന് അൽ മാലിക്കി പറഞ്ഞു.
ബീഷ്, തായിഫ്, ഫറസാൻ, യാൻബു എന്നീ നഗരങ്ങളിലെ സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തി സായുധ സംഘം ആക്രമണങ്ങൾ നടത്തിയെങ്കിലും എയർ ഡിഫൻസ് ആ വ്യോമാക്രമണ ശ്രമങ്ങളെല്ലാം തടഞ്ഞു തോൽപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.









