ജിദ്ദ – ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം സൗദി അറേബ്യക്ക് നേരെ യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകളുടെ മിസൈല്‍ ആക്രമണം. ഹൂത്തി ഭീകരര്‍ തെക്കന്‍ സൗദി അറേബ്യയിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ഭീഷണി വ്യോമ പ്രതിരോധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ഏതാനും ബാലിസ്റ്റിക് മിസൈലുകള്‍ ഹൂത്തികള്‍ സൗദി അറേബ്യക്കു നേരെ തൊടുത്തുവിട്ടു. ലക്ഷ്യങ്ങളിലെത്തുന്നതിനു മുമ്പായി ഇവയെല്ലാം വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞ് തകര്‍ത്തു. ഉപരോധം ലംഘിച്ച് യെമന്‍ വിമാനം ഇറങ്ങുന്നത് തടയാന്‍ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ലക്ഷ്യമാക്കി സായുധ സേന ആക്രമണം നടത്തിയതായി യെമന്‍ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഹൂത്തി സംഘം ഇറാന്‍ വിമാനം സ്വീകരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും യെമന്‍ ദേശീയ വിമാനക്കമ്പനികള്‍ വിമാനത്താവളം ഉപയോഗിക്കുന്നത് തടയുകയും ചെയ്തതിനെ തുടര്‍ന്നാണ് സന്‍ആ എയര്‍പോര്‍ട്ട് റണ്‍വേ യെമന്‍ സായുധ സേന ആക്രമിച്ചത്. ദേശീയ പരമാധികാരത്തിന്റെ സംരക്ഷണവും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ട്, നിലവിലുള്ള ഏത് സംഭവവികാസങ്ങളെയും നേരിടാനും ബാധകമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഉചിതമായ നടപടികള്‍ സ്വീകരിക്കാനും സായുധ സേനയുടെ സുസജ്ജത മന്ത്രാലയം വ്യക്തമാക്കി.
ദേശീയ പരമാധികാരം സംരക്ഷിക്കാനാണ് സന്‍ആ എയര്‍പോര്‍ട്ട് ആക്രമിച്ചതെന്ന് യെമന്‍ പ്രസിഡന്റ് റശാദ് അല്‍അലീമി പറഞ്ഞു. ഏറ്റുമുട്ടലിന്റെ വ്യാപ്തി വികസിപ്പിക്കരുതെന്ന് താന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് കൂട്ടിചേർത്തു. രാജ്യത്തെയും യെമന്‍ ജനയെയും സ്വന്തം താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന യുദ്ധങ്ങളിലേക്ക് വലിച്ചിഴച്ച്, യെമന്റെ ഭൂപ്രദേശത്തെയും ജനങ്ങളെയും പ്രാദേശിക സംഘര്‍ഷത്തില്‍ ഒരു തുറുപ്പുചീട്ടായി ഉപയോഗിച്ച് നേട്ടം കൈവരിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും ഇത് പരാജയപ്പെടുത്തുമെന്നും യെമന്‍ പ്രസിഡന്റ് വ്യക്തമാക്കി.



