വാഷിംഗ്ടണ്‍ – ജൂലൈ ആദ്യം അറബിക്കടലില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാവിക സേനാ പൈലറ്റ് മരിച്ചതോടെ ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം 14 ആയി ഉയര്‍ന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരുടെ എണ്ണം തിങ്കളാഴ്ച വരെ 400 ലേറെയായി. ഇവരില്‍ ഭൂരിഭാഗത്തിനും തലച്ചോറിനാണ് പരിക്കേറ്റതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പറഞ്ഞു. ജൂലൈ 1 ലെ ഹെലികോപ്റ്റര്‍ അപകടത്തെ അടിയന്തര ലാന്‍ഡിംഗ് എന്നാണ് നാവികസേന ആദ്യം വിശേഷിപ്പിച്ചത്. ആക്രമണം മൂലമാണ് അടിയന്തിരാവസ്ഥ ഉണ്ടായതെന്ന് സൂചനയില്ലെന്ന് നാവികസേന വ്യക്തമാക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന ശേഷിക്കുന്ന മൂന്ന് നാവികരെ അപകടത്തിന് തൊട്ടുപിന്നാലെ രക്ഷപ്പെടുത്തിയിരുന്നു.
പെന്റഗണിന്റെ യുദ്ധ മരണസംഖ്യയില്‍ ജൂലൈയില്‍ ഒരു മരണം കൂടി കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന്റെ തുടക്കത്തില്‍ മാര്‍ച്ചില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതിനുശേഷം രേഖപ്പെടുത്തിയ ആദ്യത്തെ മരണമാണിത്. കുവൈത്തിലെ കമാന്‍ഡ് സെന്ററില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടതായിരുന്നു ആദ്യ സംഭവം. സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ ഒരു ആഴ്ചയിലധികം ചികിത്സയില്‍ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി. ഇറാനെതിരായ യു.എസ് സൈനിക നടപടികളെ പിന്തുണക്കുന്ന കെ.സി-135 സ്ട്രാറ്റോടാങ്കര്‍ വിമാനം (ആകാശത്ത് വെച്ച് വിമാനങ്ങളില്‍ ഇന്ധനം നിറക്കുന്ന വിമാനം) ഇറാഖില്‍ തകര്‍ന്ന് ആറ് സൈനികര്‍ കൂടി കൊല്ലപ്പെട്ടിരുന്നു.
തിങ്കളാഴ്ച ഒരു യു.എസ് വ്യോമസേനാ അംഗത്തിന് പരിക്കേറ്റു. ഇതോടെ ഇറാന്‍ യുദ്ധത്തില്‍ പരിക്കേറ്റ യു.എസ് സൈനികരുടെ എണ്ണം 414 ആയി. ഇറാനും യു.എസും വീണ്ടും ആക്രമണം ആരംഭിച്ചിട്ടുണ്ടെങ്കിലും, വ്യോമസൈനികന്റെ പരിക്കിന് കാരണമായത് അതാണോ എന്ന് വ്യക്തമല്ല. ഇതേകുറിച്ച് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഒരു വിവരവും നല്‍കിയിട്ടില്ല. എന്നാല്‍ യുദ്ധത്തിലെ മിക്ക പരിക്കുകളെയും നിര്‍വചിച്ചിരിക്കുന്ന ട്രോമാറ്റിക് ബ്രെയിന്‍ പരിക്കുകള്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികര്‍ക്കിടയില്‍, പ്രത്യേകിച്ച് സമീപത്ത് ഉണ്ടാകുന്ന മിസൈല്‍ ആക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും വിധേയരാകുന്നവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഒരു പ്രശ്‌നമാണ്.
ഗുരുതരമായി പരിക്കേറ്റ സൈനികരുടെ ഏറ്റവും പുതിയ കണക്കുകളെ കുറിച്ച അന്വേഷണത്തിന്, തനിക്ക് ഒരു അപ്ഡേറ്റും ലഭിച്ചിട്ടില്ലെന്നും പരിക്കേറ്റവരില്‍ ഏകദേശം എല്ലാവരും ഡ്യൂട്ടിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് മേജര്‍ എമ്മ തോംസണ്‍ ആവര്‍ത്തിച്ചു.



