വാഷിംഗ്ടൺ: മുൻ ഇറാൻ പ്രസിഡന്റ് മഹ്മൂദ് അഹ്‌മദിനെജാദിനെ തങ്ങളുടെ ചാരനായി റിക്രൂട്ട് ചെയ്യാനും തുടർന്ന് ഇറാനിൽ വീണ്ടും അധികാരത്തിലെത്തിക്കാനും ഇസ്രായേൽ ആസൂത്രണം ചെയ്ത രഹസ്യ പദ്ധതി തകർന്നതായി വെളിപ്പെടുത്തൽ. യു.എസ്, ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അമേരിക്കൻ മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിൽ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട് വർഷങ്ങളോളം നീണ്ടുനിന്ന ഇന്റലിജൻസ് ഓപ്പറേഷനാണ് ഇസ്രായേൽ നടത്തിയത്. എന്നാൽ, ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ഈ പദ്ധതി പൊളിയുകയായിരുന്നു.
തുടക്കം ഹംഗറിയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ
ഇറാൻ ഭരണകൂടവുമായി അഹ്‌മദിനെജാദ് അകലുന്നത് മുതലെടുത്ത് 2024-ലാണ് ഇസ്രായേൽ അദ്ദേഹവുമായി രഹസ്യ ചാനലിലൂടെ ബന്ധപ്പെടാൻ തുടങ്ങിയത്. ഇതിന്റെ ആദ്യപടിയായി ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ലുഡോവിക്ക സർവകലാശാലയിൽ നടന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്ക് അഹ്‌മദിനെജാദിനെ ക്ഷണിച്ചു.
സമ്മേളനത്തിൽ പങ്കെടുക്കാനെന്ന വ്യാജേന അഹ്‌മദിനെജാദും ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ഉദ്യോഗസ്ഥരും തമ്മിൽ രഹസ്യ കൂടിക്കാഴ്ചകൾ ക്രമീകരിക്കുകയായിരുന്നു യഥാർത്ഥ ലക്ഷ്യം. ഇതിനായി അഹ്‌മദിനെജാദിന്റെ വിദേശയാത്രകൾക്കും താമസത്തിനുമുള്ള സാമ്പത്തിക സഹായം നൽകിയത് ഇസ്രായേലായിരുന്നു. അന്നത്തെ മൊസാദ് മേധാവി ഡേവിഡ് ബാർണിയ നേരിട്ട് ബുഡാപെസ്റ്റിലെത്തി അഹ്‌മദിനെജാദുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ലക്ഷ്യമിട്ടത് ഭരണമാറ്റവും സായുധ മുന്നേറ്റവും
ഇറാനിൽ ഭരണമാറ്റമുണ്ടായാൽ രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ അഹ്‌മദിനെജാദിനെ പ്രാപ്തനാക്കുക എന്നതായിരുന്നു ഇസ്രായേലിന്റെയും മൊസാദിന്റെയും പദ്ധതി. ഇതിന്റെ ഭാഗമായി വടക്കൻ ഇറാഖ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ കുർദിഷ് വിമത ഗ്രൂപ്പുകൾക്ക് പരിശീലനവും ആയുധങ്ങളും നൽകാനും പദ്ധതിയുണ്ടായിരുന്നു. ഇറാൻ അതിർത്തിക്കുള്ളിലേക്ക് അതിക്രമിച്ചു കയറി പടിഞ്ഞാറൻ മേഖലകൾ പിടിച്ചെടുത്ത ശേഷം തലസ്ഥാനമായ ടെഹ്‌റാനിലേക്ക് നീങ്ങാനായിരുന്നു തന്ത്രം. എന്നാൽ ഈ സൈനിക നീക്കങ്ങൾ ഒരിക്കലും പ്രായോഗിക തലത്തിൽ എത്തിയില്ല.
നിലപാടുകളിലെ മാറ്റവും അധികാര മോഹവും
2005 മുതൽ 2013 വരെ ഇറാൻ പ്രസിഡന്റായിരുന്ന കാലത്ത് കടുത്ത ഇസ്രായേൽ വിരുദ്ധ പ്രസ്താവനകളിലൂടെയും ആണവ പദ്ധതികൾക്ക് നൽകിയ പിന്തുണയിലൂടെയുമാണ് അഹ്‌മദിനെജാദ് ശ്രദ്ധേയനായത്. എന്നാൽ അധികാരത്തിൽ നിന്ന് പുറത്തുപോയതോടെ അദ്ദേഹത്തിന്റെ നിലപാടുകളിൽ കാര്യമായ മാറ്റമുണ്ടായി.
തുടർച്ചയായി മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടതോടെ നിലവിലെ ഇറാൻ ഭരണസംവിധാനത്തിന് കീഴിൽ തനിക്ക് ഇനി അധികാരത്തിൽ തിരിച്ചെത്താനാകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. ഈ നിരാശയാണ് ശത്രുരാജ്യമായ ഇസ്രായേലുമായി കൈകോർക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ.
ഒടുവിൽ വീട്ടുതടങ്കലിൽ
പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ സംസ്കാര ചടങ്ങിലാണ് അഹ്‌മദിനെജാദ് അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് കനത്ത സുരക്ഷാ വലയത്തിലായിരുന്ന അദ്ദേഹം യാതൊരു പ്രസ്താവനകളും നടത്തിയിരുന്നില്ല.
ഇസ്രായേലുമായുള്ള അഹ്‌മദിനെജാദിന്റെ രഹസ്യബന്ധം ഇറാൻ ഇന്റലിജൻസ് വിഭാഗം കണ്ടെത്തുകയായിരുന്നു. നിലവിൽ റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസിന്റെ നിരീക്ഷണത്തിൽ അദ്ദേഹം വീട്ടുതടങ്കലിലാണെന്ന് ഇറാനിലെ നാല് ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇറാനിലെ അട്ടിമറി ശ്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക കണ്ണിയായിരുന്നു അഹ്‌മദിനെജാദെന്നും എന്നാൽ പദ്ധതി പൂർണ്ണമായും പരാജയപ്പെട്ടുവെന്നും മുൻ ഇസ്രായേലി ഉദ്യോഗസ്ഥരും വ്യക്തമാക്കി.



