റിയാദ് – ഖമീസ് മുശൈത്തിലും അബഹയിലും തായിഫിലും ഹൂത്തി സായുധ സംഘം നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഏഴു വീടുകകൾക്കും രണ്ടു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഹൂത്തി മിലീഷ്യ രാജ്യത്തെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സാധാരണക്കാര്‍ക്കും നേരെയുള്ള ഹീനവും ബോധപൂര്‍വവുമായ ആക്രമണങ്ങള്‍ തുടരുകയാണ്. മനഃപൂര്‍വവും ആവര്‍ത്തിച്ചുള്ളതുമായ ഇത്തരം ആക്രമണങ്ങളുടെ തുടര്‍ച്ച, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യം വെക്കുന്നതും സംഘര്‍ഷം വര്‍ധിപ്പിക്കുന്നതുമായ ഹൂത്തി മിലീഷ്യയുടെ സമീപനത്തെയും തീവ്രവാദ പ്രത്യയശാസ്ത്രത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 14 തിങ്കളാഴ്ച ഏതാനും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഖമീസ് മുശൈത്ത്, അബഹ, തായിഫ് നഗരങ്ങളിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ഇതിന്റെ ഫലമായി 13 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ഏഴ് റെസിഡന്‍ഷ്യല്‍ വീടുകള്‍ക്കും രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
യു.എന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51, സ്വയം പ്രതിരോധ തത്വം, അന്താരാഷ്ട്ര മാനുഷിക നിയമം, അതിന്റെ പതിവ് നിയമങ്ങള്‍ എന്നിവക്ക് അനുസൃതമായി, സഖ്യസേനാ സംയുക്ത കമാന്‍ഡ് ഉത്തരവാദിത്തത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഈ ആക്രമണങ്ങളെ നേരിടും. ഇത്തരം ഭീകരാക്രമണങ്ങളെ തടയാനും ഹൂത്തികളുടെ ശത്രുതാപരവും തീവ്രവാദപരവുമായ സമീപനത്തെ നേരിടാനും ആവശ്യമായ എല്ലാ നടപടികളും സഖ്യസേനാ സംയുക്ത കമാന്‍ഡ് സ്വീകരിക്കുമെന്നും മേജര്‍ ജനറല്‍ അല്‍മാലികി വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യ യെമനില്‍ 54 ആക്രമണങ്ങള്‍ നടത്തിയതായി ഹൂത്തികള്‍ പറഞ്ഞു. സൗദി താവളങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-15, ടൈഫൂണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് സൗദി വ്യോമസേന കഴിഞ്ഞ 24 മണിക്കൂറിനിടെ 54 വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഹൂത്തികളുടെ സൈനിക വക്താവ് യഹ്യ സരീഅ് പ്രസ്താവനയില്‍ പറഞ്ഞു. തഇസ്, ലഹജ്, അല്‍ജൗഫ്, മാരിബ്, ഹുദൈദ എന്നിവിടങ്ങളിലെല്ലാം സൗദി വ്യോമസേന ആക്രമണങ്ങള്‍ നടത്തിയതായും ഹൂത്തി വക്താവ് പറഞ്ഞു.
മേഖലയിലെ തന്ത്രപ്രധാനമായ ജലപാതകള്‍ക്ക് ചുറ്റുമുള്ള സംഭവവികാസങ്ങള്‍ അമേരിക്ക നിരീക്ഷിക്കുന്നതിനാല്‍, ഹൂത്തികളുമായി യു.എസ് സര്‍ക്കാര്‍ നേരിട്ട് സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു.
ബാബ് അല്‍മന്ദബ് കടലിടുക്കിലെ മയൂന്‍ ദ്വീപ് ഹൂത്തികള്‍ പിടിച്ചെടുത്തതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് കന്‍സാസ് സിറ്റിയിലെ തെരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വാന്‍സ് പറഞ്ഞു. യു.എ.ഇ, സൗദി അറേബ്യ, മേഖലയിലെ സ്ഥിതിഗതികള്‍ ബാധിച്ച മറ്റ് രാജ്യങ്ങള്‍ എന്നിവരുമായി അമേരിക്ക നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും വാന്‍സ് പറഞ്ഞു.







