റിയാദ് – ലോകത്തിലെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ്, സെപ്റ്റംബര്‍ രണ്ട് മുതല്‍ റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് ഡയറക്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കും. ടൂറിസം, വ്യോമയാന മേഖലകളിലെ വലിയ വിപുലീകരണം ലക്ഷ്യമിട്ടാണ് പദ്ധതി. റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് പ്രതിവാരം മൂന്ന് ഡയറക്ട് സര്‍വീസുകള്‍ നടത്തും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധം വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ വിപണിയില്‍ ഫ്‌ളൈ നാസിന്റെ സാന്നിധ്യം കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യും.
കൊച്ചി സര്‍വീസ് ആരംഭിക്കുന്നതോടെ സൗദി അറേബ്യക്കും ഇന്ത്യക്കും ഇടയില്‍ ഫ്‌ളൈ നാസ് നടത്തുന്ന പ്രതിവാര വിമാന സര്‍വീസുകളുടെ എണ്ണം 39 ആയി ഉയരും. നിലവില്‍ റിയാദില്‍ നിന്ന് ദൽഹി, ലഖ്നൗ, ഹൈദരാബാദ്, കോഴിക്കോട്, മുംബൈ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഫ്‌ളൈ നാസ് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിന് പുറമെ കൂടാതെ ദമ്മാമിനും ലഖ്നൗവിനും ഇടയിലും പ്രതിവാര ഡയറക്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. 2030 ആകുമ്പോഴേക്കും 250 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി സൗദി അറേബ്യയെ ബന്ധിപ്പിക്കാനും പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയര്‍ത്താനും പ്രതിവര്‍ഷം 15 കോടി വിനോദസഞ്ചാരികളെ സ്വീകരിക്കാനും ദേശീയ വിമാനക്കമ്പനികളെ പ്രാപ്തമാക്കും. ലോകത്തെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കല്‍ എന്ന മുദ്രാവാക്യത്തോടെയാണ് റിയാദിനും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ലോകത്തിലെ മുന്‍നിര ബജറ്റ് വിമാന കമ്പനിയും മിഡില്‍ ഈസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള ബജറ്റ് വിമാന കമ്പനിയുമായ ഫ്‌ളൈ നാസ്, സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ആദ്യത്തെ എയര്‍ലൈനാണ്. 38 രാജ്യങ്ങളിലെ 80 ലധികം ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് 2,000 ലധികം പ്രതിവാര വിമാന സര്‍വീസുകള്‍ നടത്തുന്ന കമ്പനി, 2007 ല്‍ ആരംഭിച്ചതിനുശേഷം 11 കോടിയിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, വളര്‍ച്ചയുടെയും വിപുലീകരണത്തിന്റെയും ഭാഗമായി 165 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനാണ് ഫ്ളൈ നാസ് ലക്ഷ്യമിടുന്നത്.







