മക്ക – ഹജ് നിയമങ്ങള്‍ ലംഘിച്ച് പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിച്ച് അവിടെ തങ്ങുകയും ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത അഞ്ചു പ്രവാസികളെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഈജിപ്തുകാരാണ് അറസ്റ്റിലായതെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മക്ക പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഹജ് നിയമ, നിര്‍ദേശങ്ങള്‍ പാലിക്കാനും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കാനും പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും അഭ്യര്‍ഥിച്ചു. നിയമ ലംഘകര്‍ക്ക് നിയമപരമായ ശിക്ഷകള്‍ ലഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുസുരക്ഷാ വകുപ്പ് എല്ലാവരോടും ആവശ്യപ്പെട്ടു.
അതേസമയം, വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹജ് നിര്‍വഹിക്കുന്നവര്‍ പെര്‍മിറ്റ് നേടണമെന്ന നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷകള്‍ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പെര്‍മിറ്റില്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 20,000 റിയാലും പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നവര്‍ക്ക് 1,00,000 റിയാലും പിഴ ലഭിക്കും. നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും. ഏപ്രില്‍ 18 നും മെയ് 31 നും ഇടയില്‍ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും ഏതെങ്കിലും തരത്തിലുള്ള സന്ദര്‍ശന വിസക്കാരെ കൊണ്ടുപോകുന്ന ഏതൊരാള്‍ക്കും 1,00,000 റിയാല്‍ വരെ പിഴ ചുമത്തും. നിയമ ലംഘകരെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനം കോടതി നടപടികളിലൂടെ കണ്ടുകെട്ടുകയും ചെയ്യും.



