ജിദ്ദ: സ്വന്തം സ്‌പോൺസർഷിപ്പിലുള്ള വിദേശ തൊഴിലാളികളെ സ്വയം ജോലികൾ കണ്ടെത്താനോ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാനോ അനുവദിക്കുന്ന തൊഴിലുടമകൾക്ക് കടുത്ത ശിക്ഷാ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരക്കാർക്ക് ആറു മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും അഞ്ചു വർഷത്തേക്ക് പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് വിലക്കും നേരിടേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രാലയം ആവർത്തിച്ചു.
രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ മുഴുവൻ പ്രവാസികളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ ‘911’ എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ‘999’ എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കാവുന്നതാണ്.
ഇന്റർവ്യൂ ഫലം 30 ദിവസത്തിനകം അറിയിക്കണം
അതേസമയം, തൊഴിൽ അഭിമുഖം നടത്തി 30 ദിവസത്തിനുള്ളിൽ അപേക്ഷകരെ അതിന്റെ ഫലം അറിയിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ വ്യവസ്ഥ പാലിക്കാത്തത് തൊഴിൽ നിയമങ്ങളുടെയും മന്ത്രിതല ഉത്തരവുകളുടെയും ലംഘനമാണ്.
നിർദിഷ്ട സമയത്തിനകം ഇന്റർവ്യൂ ഫലം അറിയിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയത്തിന്റെ ഡിജിറ്റൽ ആപ്ലിക്കേഷൻ വഴി നേരിട്ട് പരാതിപ്പെടാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.







