റിയാദ്: ഫാമിലി ഫ്ലാറ്റ് വാടകക്ക് നല്‍കാനുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് മലയാളിയില്‍ നിന്ന് 12000 റിയാല്‍ തട്ടിയ സൗദി പൗരന്‍ മുഴുവന്‍ സംഖ്യയും തിരിച്ചുനല്‍കണമെന്ന് റിയാദ് ജനറല്‍ കോടതി ഉത്തരവിട്ടു. മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് നസീലിനാണ് റിയാദ് കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായത്.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ദമാമിലായിരുന്ന ഇദ്ദേഹത്തിന് റിയാദിലേക്ക് ജോലി മാറ്റം ലഭിച്ചപ്പോള്‍ റിയാദിലെ താമസത്തിന് റൂം അന്വേഷിച്ചതായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും റൂം അന്വേഷിച്ചു. അതിനിടെയാണ് റിയാദ് മന്‍ഫൂഹയില്‍ രണ്ട് ബെഡ് റൂം ഫ്ലാറ്റ് വാടകക്ക് നല്‍കാനുണ്ടെന്ന് ഫേസ്ബുക്ക്, അഖാര്‍ ആപ്ലിക്കേഷന്‍ എന്നിവയിൽ പരസ്യം കണ്ടത്. മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് 24000 റിയാലിന് ഫ്ലാറ്റ് ഉടമയായ സൗദിപൗരനുമായി ഇടപാട് ഉറപ്പിച്ചു. സൗദി ഗവണ്‍മെന്റിന്റെ റിയല്‍ എസ്‌റ്റേറ്റ് റെന്റ് പോര്‍ട്ടലായ ഈജാര്‍ വഴി വാടക കരാര്‍ ഉണ്ടാക്കി. പണം തവണകളായി തന്റെ എകൗണ്ടിലേക്ക് അയച്ചാല്‍ മതിയെന്ന് ഇയാള്‍ അറിയിക്കുകയും ചെയ്തു. അതുപ്രകാരം ആറു മാസത്തെ വാടകസംഖ്യയായ 12000 റിയാൽ തവണകളായി നേരിട്ട് ഇയാളുടെ എകൗണ്ടിലേക്ക് അയച്ചു. ശേഷം നിശ്ചിത തിയ്യതി ഫ്ലാറ്റിലെത്തിയപ്പോൾ അവിടെ സുഡാനി പൗരന്‍ താമസിക്കുന്നതാണ് കണ്ടത്.
താന്‍ വാടകക്കെടുത്ത ഫ്ലാറ്റാണെന്നും ഒഴിയില്ലെന്നും സുഡാനി പൗരൻ വ്യക്തമാക്കി. ഉടമയെ ഫോണ്‍ വിളിച്ചപ്പോള്‍ അയാള്‍ മറുപടി നല്‍കിയില്ല. നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇത്തരം തട്ടിപ്പ് ഇവിടെ നടക്കുന്നുണ്ടെന്ന് സുഡാനി പൗരന്‍ നസീലിനോട് പറഞ്ഞു. തുടര്‍ന്ന് ഈജാര്‍ പോര്‍ട്ടലില്‍ പരാതിപ്പെട്ടപ്പോള്‍ പോര്‍ട്ടല്‍ വഴിയാണ് പണമടച്ചതെങ്കില്‍ പരിഹാരമുണ്ടാക്കാമെന്നും നേരിട്ട് പണം നല്‍കിയതാണെങ്കില്‍ ഒന്നും ചെയ്യാനാവില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. തുടര്‍ന്ന് മുഹമ്മദ് നസീല്‍ സാമൂഹിക പ്രവര്‍ത്തകന്‍ അസ്ലം പാലത്തിനെ ബന്ധപ്പെടുകയും അദ്ദേഹം വഴി ബത്ഹയിലെ ജനറല്‍ സര്‍വീസ് ഓഫീസിലെത്തി റിയാദ് ജനറല്‍ കോടതിയില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് ഫയലില്‍ സ്വീകരിച്ച കോടതി രണ്ട് തവണയാണ് ഓണ്‍ലൈന്‍ സിറ്റിംഗ് നടത്തിയത്. പണമയച്ച രേഖകള്‍ കോടതിയില്‍ നസീല്‍ ഹാജറാക്കിയിരുന്നു. സൗദി പൗരന്റെ വാദങ്ങള്‍ തള്ളിയ കോടതി സ്വീകരിച്ച പണം തിരിച്ചുനല്‍കണമെന്ന് അന്തിമ വിധി പ്രസ്താവിച്ചു. പണം തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതി വഴി നടന്നുവരികയാണ്. ഇത്തരം തട്ടിപ്പുകളില്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സൗദിയില്‍ റൂമുകള്‍ വാടകക്കെടുക്കുമ്പോള്‍ കരാര്‍ ഉണ്ടാക്കലും പണമടക്കലും സര്‍ക്കാറിന്റെ ഈജാര്‍ പ്ലാറ്റ്‌ഫോം വഴിയാകണമെന്നും എങ്കില്‍ മാത്രമേ ഇത്തരം തട്ടിപ്പുകള്‍ തടയാനാവൂവെന്നും സാമൂഹിക പ്രവര്‍ത്തകരന്‍ അസ്ലം പാലത്ത് പ്രവാസികളെ ഓര്‍മ്മിപ്പിച്ചു.



