വാഷിംഗ്ടൺ– തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാനിലെ ഭൂഗർഭ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന ഈ യുറേനിയം ശേഖരം വിട്ടുനൽകാനുള്ള തീരുമാനം ബി-2 ബോംബറുകൾ നടത്തിയ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ട്രംപ് വെളിപ്പെടുത്തി. ഇറാനുമായി നിരവധി വിഷയങ്ങളിൽ ഇതിനോടകം ധാരണയിലെത്തിക്കഴിഞ്ഞു. രാജ്യം ആണവായുധം നിർമ്മിക്കില്ലെന്ന ഉറപ്പ് ലഭിച്ചതാണ് ഇതിൽ ഏറ്റവും നിർണ്ണായകം. ഇറാന്റെ പുതിയ നേതൃത്വവുമായി അമേരിക്ക മികച്ച ബന്ധമാണ് പുലർത്തുന്നത്. മുൻപത്തെ ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി, നിലവിലെ നേതൃത്വം സഹകരണത്തിന് തയ്യാറാണെന്നും ഒരു സുപ്രധാന സമാധാന കരാറിലേക്ക് ഇരുരാജ്യങ്ങളും ഉടൻ എത്തിച്ചേരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതിനിടെ, ഇറാനെതിരായ സൈനിക നടപടികളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൽകിയിട്ടുള്ള അധികാരം നിയന്ത്രിക്കാൻ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം യുഎസ് പ്രതിനിധി സഭ തള്ളി. 213-നെതിരെ 214 വോട്ടുകൾക്കാണ് റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സഭ പ്രമേയം നിരാകരിച്ചത്. സെനറ്റ് സമാനമായ പ്രമേയം തള്ളിയതിന് തൊട്ടുപിന്നാലെയാണ് പ്രതിനിധി സഭയിലും ട്രംപിന് അനുകൂലമായ വിധി ഉണ്ടായത്. ഫെബ്രുവരി 28-ന് യുഎസും ഇസ്രായിലും ഇറാനിൽ സൈനിക നീക്കം ആരംഭിച്ച് ആറാഴ്ച പിന്നിടുമ്പോഴും ട്രംപിന്റെ യുദ്ധനയത്തിന് പാർട്ടിയിൽ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നു എന്നതിന് വോട്ടെടുപ്പ് ഫലം അടിവരയിടുന്നു. യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്ന് ഡെമോക്രാറ്റുകൾ വാദിച്ചെങ്കിലും, രാജ്യത്തിന് നേരിട്ട് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ സൈനിക നടപടി സ്വീകരിക്കാൻ കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ പ്രസിഡന്റിന് അധികാരമുണ്ടെന്ന നിലപാടാണ് വൈറ്റ് ഹൗസും റിപ്പബ്ലിക്കൻ അംഗങ്ങളും സ്വീകരിച്ചത്. ഒരു റിപ്പബ്ലിക്കൻ അംഗമൊഴികെ മറ്റെല്ലാവരും പ്രസിഡന്റിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി.



