ദുബായ്: ഈ വർഷം അവസാനത്തോടെ വാണിജ്യ വൈദ്യുത വ്യോമഗതാഗത സേവനങ്ങൾ ആരംഭിക്കാനുള്ള ദുബായുടെ പദ്ധതികളിൽ നിർണ്ണായക നാഴികക്കല്ല്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നഗരത്തിലെ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം സ്റ്റേഷൻ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ലോക പൊതുഗതാഗത ദിനത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം.
നൂതനമായ ‘ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ്’സംവിധാനമുള്ള ഈ സ്റ്റേഷൻ സുസ്ഥിര ഗതാഗത രംഗത്തെ ദുബായുടെ വലിയ ചുവടുവെപ്പാണ്. 3,100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റേഷനിൽ രണ്ട് ലാൻഡിംഗ് പാഡുകൾ, അത്യാധുനിക ചാർജിംഗ് സൗകര്യങ്ങൾ, രണ്ട് നിലകളിലായുള്ള പാർക്കിംഗ്, സന്ദർശകർക്കായി കാലാവസ്ഥാ നിയന്ത്രിത വിശ്രമമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രതിവർഷം 1.7 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ സ്റ്റേഷൻ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഉദാഹരണത്തിന്, വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറയിലേക്ക് കാറിൽ 45 മിനിറ്റ് എടുക്കുന്ന യാത്ര എയർ ടാക്‌സി വഴി വെറും 10 മിനിറ്റായി ചുരുങ്ങും.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും സ്‌കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറും സംയുക്തമായാണ് പദ്ധതി വികസിപ്പിക്കുന്നത്. അമേരിക്കൻ കമ്പനിയായ ജോബി ഏവിയേഷനാണ് ഇലക്ട്രിക് വിമാനങ്ങൾ നിർമ്മിക്കുന്നത്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ മാനദണ്ഡങ്ങൾ പാലിച്ചുള്ള പരീക്ഷണ പറക്കലുകൾ ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറമെ ഡൗൺടൗൺ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നിവിടങ്ങളിലും എയർ ടാക്‌സി സ്റ്റേഷനുകൾ ഉടൻ നിലവിൽ വരും. നിലവിലുള്ള മെട്രോ, ബസ് ശൃംഖലകളുമായി ബന്ധിപ്പിച്ചാകും ഈ അത്യാധുനിക യാത്രാ സംവിധാനം പ്രവർത്തിക്കുക.



