ജിദ്ദ: മാധ്യമസാക്ഷരതയുടെ ആഴങ്ങളിലേക്ക് പ്രവാസികളെ വഴിനടത്തി കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച പഠനക്യാമ്പ് ‘ഖാഇദ്’ ശ്രദ്ധേയമായി. സിദന കൾച്ചറൽ സെന്ററിൽ നടന്ന ക്യാമ്പിന്റെ രണ്ടാം ചാപ്റ്റർ വിജ്ഞാനപ്രദമായ സെഷനുകൾ കൊണ്ട് വേറിട്ടുനിന്നു. വായനയുടെയും എഴുത്തിന്റെയും പുതിയ ചക്രവാളങ്ങൾ തേടിയുള്ള യാത്രയായിരുന്നു ഈ സംഗമം.
മണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ് സി.കെ. കുഞ്ഞൂട്ടി അധ്യക്ഷത വഹിച്ച ചടങ്ങ് ദ മലയാളം ന്യൂസ് എഡിറ്റർ വഹീദ് സമാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അറിവിനെ സാമൂഹിക പുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും വായനയിലൂടെ ഉന്നതമായ വ്യക്തിത്വം എങ്ങനെ വാർത്തെടുക്കാമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഉണർത്തി.


ഖത്തറിലെ പ്രമുഖ മാധ്യമപ്രവർത്തകനും ദ മലയാളം ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ അഷ്‌റഫ് തൂണേരി മുഖ്യപ്രഭാഷണവും ക്ലാസും നയിച്ചു. വാർത്തകളുടെയും ലേഖനങ്ങളുടെയും നിർമ്മാണത്തിൽ പുലർത്തേണ്ട സൂക്ഷ്മതയെക്കുറിച്ചും എഴുത്തിലെ വശ്യതയെക്കുറിച്ചും അദ്ദേഹം നടത്തിയ പ്രായോഗിക പരിശീലനം പഠിതാക്കൾക്ക് പുത്തൻ അറിവായി. ഭാഷാപ്രയോഗങ്ങളിലെ വൈവിധ്യങ്ങളെയും ശൈലികളെയും കുറിച്ച് അദ്ദേഹം ലളിതമായി വിശദീകരിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 32 ഓളം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുത്തത്. കേവലം സിദ്ധാന്തങ്ങൾക്കപ്പുറം, സ്വയം വാർത്തകളും ലേഖനങ്ങളും തയ്യാറാക്കാനുള്ള സജീവമായ വർക്ക്ഷോപ്പുകൾ ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു.
മണ്ഡലം സെക്രട്ടറി ഹംദാൻ ബാബു സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ സമദലി പൊന്മള നന്ദിയും രേഖപ്പെടുത്തി.



