ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയം പിണറായി സർക്കാരിന്റെ പത്തുവർഷത്തെ ദുർഭരണത്തിനെതിരെയുള്ള ജനവിധിയാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി. അഴിമതിയും ധാർഷ്ട്യവും മുഖമുദ്രയാക്കിയ ഇടതുപക്ഷ ഭരണത്തോടുള്ള ശക്തമായ പ്രതിഷേധമാണ് വോട്ടർമാർ രേഖപ്പെടുത്തിയതെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഭാവി കേരളത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് യുഡിഎഫ് മുന്നോട്ടുവെച്ച നൂതന ആശയങ്ങളും, സാധാരണക്കാർക്ക് കൈത്താങ്ങാവുന്ന ‘ഇന്ദിരാ ഗ്യാരണ്ടി’ പോലുള്ള ജനപക്ഷ പദ്ധതികളും വിജയത്തിന് അടിത്തറ പാകി. മുന്നണിയുടെ കെട്ടുറപ്പോടെയുള്ള പ്രവർത്തനവും കൃത്യമായ സ്ഥാനാർത്ഥി നിർണ്ണയവും ഈ ചരിത്ര വിജയത്തിന് നിദാനമായെന്നും ഒ.ഐ.സി.സി വിലയിരുത്തി.
തിരഞ്ഞെടുപ്പ് പരാജയം മുൻകൂട്ടി കണ്ട് മതേതര മൂല്യങ്ങൾ തകർക്കുന്ന രീതിയിൽ വർഗീയ ശക്തികളെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിച്ചത്. ഇതിനെതിരെയുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ ജനവിധി. നൂറിലധികം സീറ്റുകൾ നൽകി യുഡിഎഫിനെ അധികാരത്തിലേറ്റിയ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.



