മക്ക – ഈ വർഷത്തെ ഹജ് തീർത്ഥാടകർക്ക് സേവനവും കരുതലുമേകാൻ ലക്ഷ്യമിട്ട് ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘ഹജ് 2026: അതിഥികൾക്കൊപ്പം കരുതലോടെ’ എന്ന പ്രമേയത്തിൽ മക്കയിലെ കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലാണ് ക്യാമ്പ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് അടിയന്തര സാഹചര്യങ്ങളിൽ രക്തലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഓരോ വർഷവും ഹജ് സന്നദ്ധ സേവന രംഗത്ത് സജീവമായ ഒ.ഐ.സി.സി, ഇത്തവണത്തെ വോളന്റിയർ പ്രവർത്തനങ്ങളുടെ തുടക്കമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഒ.ഐ.സി.സി നടത്തുന്ന മാതൃകാപരമായ സേവന പ്രവർത്തനങ്ങൾക്കുള്ള ആദരസൂചകമായി കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റി അധികൃതർ സംഘടനയ്ക്ക് പ്രശസ്തി പത്രം കൈമാറി.
ഒ.ഐ.സി.സി പ്രസിഡന്റ് നൗഷാദ് പെരുന്തലൂർ, ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി, വൈസ് പ്രസിഡന്റ് ഹബീബ് കോഴിക്കോട്, സെക്രട്ടറി മുബഷിർ അരീക്കോട്, മെഡിക്കൽ വിംഗ് കോർഡിനേറ്റർ അബ്ദുൽ റഷീദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ബ്ലഡ് ബാങ്ക് തലവൻ ഡോക്ടർ സുൽത്താൻ അൽ മൽകി, കോർഡിനേറ്റർ ജംഷാദ് പി.കെ, മുഹമ്മദ് അൽ ഷെയ്ഖ് തുടങ്ങിയവർ ആവശ്യമായ സഹായങ്ങൾ നൽകി.



