ദോഹ: ഹോർമുസ്, ബാബ് അൽമന്ദബ് കടലിടുക്കുകളിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ആഗോളതലത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. സമുദ്ര ജലപാതകൾ അടച്ചുപൂട്ടുന്നത് പതിവ് സംഭവമായി മാറുന്നത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഡയറക്ടർ ഇബ്രാഹിം അൽഹാശിമി പ്രസ്താവിച്ചു.
കടൽപ്പാതകളിലെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരുന്ന സമഗ്രമായ കരാറിലെത്താനാണ് നിലവിൽ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചകളിലൂടെ പരിഹാരം
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ സംഭാഷണങ്ങൾ അനിവാര്യമാണ്. പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ചേർന്ന് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ഖത്തർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നത് അസാധ്യമല്ലെന്നും ചർച്ചകളിലൂടെ മാത്രമേ ആത്യന്തിക പരിഹാരം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിക്ക് പൂർണ്ണ പിന്തുണ
വരാനിരിക്കുന്ന യു.എൻ ജനറൽ അസംബ്ലി യോഗങ്ങളിൽ ഈ പ്രതിസന്ധി ഖത്തർ പ്രതിനിധി സംഘം പ്രധാന അജണ്ടയായി ചർച്ച ചെയ്യും. സ്വന്തം സുരക്ഷയും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഇബ്രാഹിം അൽഹാശിമി ഉറപ്പിച്ചുപറഞ്ഞു.







