മക്ക – ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് സേവനവും സഹായവും ഉറപ്പാക്കുന്നതിനായി മക്കയിലെ മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എം.എൻ.എഫ് (MNF) മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ‘ഹജ്ജ് സെൽ’ നിലവിൽ വന്നു. മക്കയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരുടെ സേവനം ഇന്ത്യൻ ഹാജിമാർക്ക് വലിയ ആശ്വാസമാകും.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ഹാജിമാർക്ക് മികച്ച ചികിത്സാ സഹായം ഉറപ്പാക്കുക, ഭാഷാപരമായ തടസ്സങ്ങൾ നേരിടുന്നവർക്ക് കൃത്യമായ ആശയവിനിമയത്തിന് സഹായിക്കുക, 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഹെൽപ്പ് ഡെസ്ക് ഒരുക്കുക എന്നിവയാണ് സെല്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ ഹാജിമാരുടെ താമസസ്ഥലങ്ങളിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കും.
ബുഷറുൽ ജംഹറിനെ ചെയർമാനായും അബ്ദുൽ സാലിഹിനെ കൺവീനറായും നിസാ നിസാമിനെ കോർഡിനേറ്ററായും തിരഞ്ഞെടുത്തു. ജമീന (ക്യാപ്റ്റൻ), നഹിദ റാഷിർ (വൈസ് ക്യാപ്റ്റൻ), മുസ്തഫ മലയിൽ (ചീഫ് പാട്രൺ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.



