ജിദ്ദ- റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് ട്രക്കുകളുടെ സഞ്ചാരത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുതിയ നിയമപ്രകാരം ട്രക്കുകളിൽ യാത്രക്കാരെ കയറ്റുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.
റോഡുകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി കൊണ്ടുപോകുന്ന ചരക്കുകൾ കൃത്യമായി മൂടിയിരിക്കണം. നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും ട്രാഫിക് വകുപ്പ് നിശ്ചയിച്ചിട്ടുള്ള സമയക്രമങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. മൾട്ടി-ലെയ്ൻ റോഡുകളിൽ സഞ്ചരിക്കുമ്പോൾ ട്രക്ക് ഡ്രൈവർമാർ എപ്പോഴും ഏറ്റവും വലതുവശത്തുള്ള ട്രാക്ക് തന്നെ ഉപയോഗിക്കണം.
രാത്രികാലങ്ങളിൽ ട്രക്കുകൾ റോഡരികിൽ നിർത്തിയിടുമ്പോൾ, മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി വാഹനത്തിന് പിന്നിൽ ത്രികോണാകൃതിയിലുള്ള റിഫ്ളക്ടർ ചിഹ്നം നിർബന്ധമായും സ്ഥാപിക്കണം.
വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിലൂടെ റോഡ് അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനും യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാനും സാധിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. എല്ലാ ഡ്രൈവർമാരും ഈ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







