വാഷിംഗ്ടൺ- അടുത്തിടെ നടന്ന യു.എൻ ജനറൽ അസംബ്ലി യോഗങ്ങളിൽ പങ്കെടുത്ത രണ്ട് ഇറാൻ പ്രതിനിധി സംഘാംഗങ്ങളെ അമേരിക്ക പുറത്താക്കി. രാജ്യം വിടാനുള്ള ഔദ്യോഗിക ഉത്തരവ് അവഗണിച്ചതിനെ തുടർന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നടപടി. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
യു.എൻ ജനറൽ അസംബ്ലി യോഗങ്ങൾ പൂർത്തിയായിട്ടും ഇറാൻ പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങൾ ന്യൂയോർക്കിൽ തന്നെ തുടരുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയോടും പ്രതിനിധി സംഘത്തോടും തിങ്കളാഴ്ചയ്ക്കകം രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ സംഘത്തിലെ രണ്ട് പേർ രാജ്യം വിട്ടിട്ടില്ലെന്ന് വെള്ളിയാഴ്ച യു.എന്നിലെ ഇറാൻ നയതന്ത്ര മിഷനിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഉടനടി നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് പുറത്താക്കൽ നടപടിയെ തുടർന്ന് ഒരാൾ വെള്ളിയാഴ്ച രാത്രിയും മറ്റൊരാൾ ശനിയാഴ്ച രാവിലെയുമാണ് അമേരിക്ക വിട്ടത്.
പശ്ചാത്തലവും നയതന്ത്ര നീക്കങ്ങളും
യു.എൻ ജനറൽ അസംബ്ലി യോഗങ്ങൾക്കിടയിൽ യു.എസ്, ഇറാൻ ഉദ്യോഗസ്ഥർ ന്യൂയോർക്കിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന ഇറാന്റെ നിർദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. എന്നിരുന്നാലും വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് യു.എസ് മാധ്യമങ്ങൾ പങ്കുവെക്കുന്നത്. അതേസമയം, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകളൊന്നും നിലവിൽ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു.







