മക്ക: ഉംറ നിർവ്വഹിക്കുന്നതിനായി മക്കയിലെത്തിയ കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധീഖിന് മക്കാ ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം മക്കാ ഒ.ഐ.സി.സി ഏർപ്പെടുത്തിയ 2026-ലെ “ഉമ്മൻചാണ്ടി എക്സലൻസ്” വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും നടന്നു.
മക്ക അസീസിയയിലുള്ള പാനൂർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു. സൗദി അറേബ്യയിലെ ആരോഗ്യ സേവന മേഖലയിലെ പ്രമുഖനും സാമൂഹ്യപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായ സെയ്ദ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ഹബീബ് ബാലുശ്ശേരിയുടെ നേതൃത്വത്തിൽ മക്കാ ഒ.ഐ.സി.സി ഭാരവാഹികൾ ചേർന്ന് വിശിഷ്ടാതിഥിയായ മന്ത്രി ടി. സിദ്ധീഖിന് ഉപഹാരം നൽകി ആദരിച്ചു.
2026 അധ്യയന വർഷത്തിൽ മക്കയിൽ നിന്നും ജിദ്ദ ഇന്ത്യൻ സ്കൂളിൽ പഠിച്ച് പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. വിദ്യാർത്ഥികളായ മുഹമ്മദ് മിറാഷ്, ഇയാസുദ്ദീൻ, അംറീൻ നൗഷാദ്, വർദ്ദ, കെൻസ ഫാത്തിമ, റിഷ്‌ന, അനീർ നിസാം എന്നിവർ മന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഉമ്മൻ ചാണ്ടി സമൂഹത്തിന് നൽകിയ സ്നേഹവും കരുതലും വരുംതലമുറയിലേക്ക് പകർന്നുനൽകാൻ ഇത്തരം എക്സലൻസ് അവാർഡുകൾ ഉപകരിക്കുമെന്നും, അദ്ദേഹത്തിന്റെ ജീവിതസന്ദേശം പുതിയ തലമുറയ്ക്ക് എന്നും മാർഗ്ഗദർശകമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മക്കയിലെ പ്രവാസി സമൂഹത്തിനിടയിൽ മക്കാ ഒ.ഐ.സി.സി നടത്തുന്ന സന്നദ്ധ-സേവന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്ന് കൂട്ടിച്ചേർത്ത മന്ത്രി, ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതം ആശംസിച്ചു. കെ.എം.സി.സി നാഷണൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, കെ.എം.സി.സി മക്ക ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, മക്കാ നഴ്സസ് ഫോറം പ്രതിനിധി മുസ്തഫ മലയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒ.ഐ.സി.സി നേതാക്കളായ ഹാരിസ് മണ്ണാർക്കാട്, ഷാജി ചുനക്കര, മുഹമ്മദ് ഷാ പോരുവഴി, അബ്ദുൽ മനാഫ് വയ്യാനം, നൗഷാദ് തൊടുപുഴ, ഫൈസൽ അഹമ്മദ് മദീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഒ.ഐ.സി.സി നേതാക്കളായ മുബഷിർ അരീക്കോട്, നൗഷാദ് എടക്കര, ഷംസുദ്ദീൻ വടക്കഞ്ചേരി, അബു അയ്‌മനംകുടി, ഫൈസൽ മാറമ്പിള്ളി, സിറാജ്, അബ്ദുൽ റഷീദ്, ബദരിയ നൗഷാദ്, ജുമൈല ഹുസൈൻ, സീനത്ത് ഹബീബ്, ഷംല ഷംനാസ്, ഷീബാ സെയ്ദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷംനാസ് മീരാൻ മൈലൂർ നന്ദി പറഞ്ഞു.







