ജിദ്ദ: പ്രവാസി മലയാളികളുടെ ഒത്തുചേരലുകളും കൂട്ടായ്മകളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ ആശ്വാസവും വഴികാട്ടിയുമാകുകയാണെന്ന് കൊണ്ടോട്ടി സെന്റർ ജിദ്ദ സംഘടിപ്പിച്ച ‘മഹോത്സവം 2026’ സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു. പ്രാദേശിക-ദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ പ്രവാസി കൂട്ടായ്മകളുടെ അന്തിമ ലക്ഷ്യം പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്നതാണെന്നും മാനവ സമൂഹത്തിന്റെ നന്മയ്ക്കും ഐക്യത്തിനും ഇത്തരം കലാ-സാംസ്കാരിക പരിപാടികൾ ആക്കം കൂട്ടുന്നുവെന്നും യോഗം ഓർമ്മിപ്പിച്ചു.
ജിദ്ദ ബാഗ്ദാദിയ ലുലുവിൽ സംഘടിപ്പിച്ച ‘മഹോത്സവം 2026’ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. മഹാകവി മോയിൻകുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടുകൾ, സിനിമാ ഗാനങ്ങൾ, ഹിന്ദി-തമിഴ് തരംഗ ഗാനങ്ങൾ എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. കുട്ടികളുടെ നൃത്ത പ്രകടനങ്ങളും അരങ്ങേറി.
‘രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തന മികവിൽ കൊണ്ടോട്ടി സെന്റർ ജിദ്ദ’ എന്ന പേരിൽ നടന്ന സാംസ്കാരിക സമ്മേളനം കൊണ്ടോട്ടി സെന്റർ പ്രസിഡന്റ് മൊയ്തീൻ കോയ കടവണ്ടിയുടെ അധ്യക്ഷതയിൽ ‘ഒരുമ’ പ്രസിഡന്റ് കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. സലിം മധുവായി കൊണ്ടോട്ടി സെന്ററിന്റെ 20 വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാധ്യമപ്രവർത്തകൻ മുസാഫിർ ആശംസകൾ നേർന്നു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു:
- ആമിന റിഹാം കൊമ്മേരി: സൗദിയിലെ ബാഡ്മിന്റൺ മത്സരങ്ങളിൽ കൈവരിച്ച മികച്ച വിജയങ്ങൾക്ക് (ആദരിച്ചത്: വനിതാ വിഭാഗം കൺവീനർ ഡോ. റഷീദ).
- ഹസ്സൻ കൊണ്ടോട്ടി: കലാ-സാംസ്കാരിക-സാമൂഹിക രംഗത്തെ മികച്ച സംഘാടനത്തിന് (ആദരിച്ചത്: കിസ്വ കമ്പനി വെസ്റ്റേൺ റീജിയണൽ മാനേജർ കെ. എം. അനസ്).
- കെ. കെ. സി. സലാം: റെസ്റ്റോറന്റ് ബിസിനസ് രംഗത്തെ വിജയത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും (ആദരിച്ചത്: റീഗൾ ആൻഡ് ഡേ ടു ഡേ ഡയറക്ടർ മുജീബ്).
- സലിം മധുവായി, കുഞ്ഞു കടവണ്ടി, എ. ടി. ബാവ തങ്ങൾ: കൊണ്ടോട്ടി സെന്ററിന്റെ സ്ഥാപക നേതാക്കൾ (ആദരിച്ചത്: ഹസ്സൻ കൊണ്ടോട്ടി).
പട്ടുറുമാൽ ജേതാവ് അസ്ന നിസാം, നൂഹ് ബീമാപള്ളി, സോഫിയ സുനിൽ, അഷ്റഫ് വലിയോറ, കരീം മാവൂർ, സലിം മധുവായി, റഹ്മത്ത് അലി എരഞ്ഞിക്കൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. നജീബ് വെഞ്ഞാറമൂട് പശ്ചാത്തല ശബ്ദം നൽകി. സുവിജ സത്യൻ അവതാരകയായിരുന്നു.
റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും എ. ടി. ബാവ തങ്ങൾ നന്ദിയും പറഞ്ഞു. അഷ്റഫ് കൊട്ടേൽസ്, ഷാലു വാഴയൂർ, ഇസ്മായിൽ നെടിയിരുപ്പ്, കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൽ, ജംഷി കടവണ്ടി, പി. സി. അബൂബക്കർ, കബീർ തുറക്കൽ, സലിം നാണി, ഷംസു പള്ളത്തിൽ, റഫീഖ് മധുവായി, നൗഷാദ് ആലങ്ങാടൻ, നംഷീർ, ബഷീർ കൊമ്മേരി, മായിൻ കുമ്മാളി, എ. ടി. നസ്രു തങ്ങൾ, റഹീസ് ചേനങ്ങാടൻ, എ. ടി. റഫീഖലി തങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



