തെഹ്റാന്– മിസൈലുകളുടെയും ഡ്രോണുകളുടെയും ഉൽപ്പാദനം ഉപരിതലത്തിൽ നിന്ന് ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് എയ്റോസ്പേസ് വിഭാഗം അറിയിച്ചു. തെഹ്റാനിൽ നടന്ന വാർത്താസമ്മേളനത്തിൽ റെവല്യൂഷണറി ഗാർഡ് വക്താവ് ഹുസൈൻ മൊഹെബ്ബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ മിസൈലുകളുടെ പ്രഹരപരിധി നിരന്തരം വർധിപ്പിച്ചു വരികയാണെന്നും ഈ ശ്രമം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശത്രുരാജ്യങ്ങളുടെ ദൃശ്യവും അദൃശ്യവുമായ എല്ലാ ആസ്തികളും ഇറാന്റെ ആക്രമണ പരിധിയിലാണെന്നും, വീണ്ടും ആക്രമണമുണ്ടായാൽ സൈനികമായ അപ്രതീക്ഷിത നീക്കങ്ങൾ പുറത്തെടുക്കുമെന്നും മൊഹെബ്ബി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ നിലനിൽപ്പും അഖണ്ഡതയും സംരക്ഷിക്കാനായി ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ പ്രതിരോധിക്കാൻ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾക്ക് ഏർപ്പെടുത്തിയിരുന്ന 2,000 കിലോമീറ്റർ എന്ന ദൂരപരിധി നീക്കം ചെയ്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി “ആ നിയന്ത്രണം ഞങ്ങൾ നീക്കം ചെയ്തിരിക്കുന്നു” എന്ന് ജനറൽ ഹുസൈൻ മൊഹെബ്ബി വ്യക്തമാക്കി. കൂടുതൽ ദൂരെയുള്ള ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയുന്ന മിസൈലുകൾ വികസിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയിൽ നിന്നോ ഇസ്രായേലിൽ നിന്നോ ഉണ്ടാകുന്ന ഏത് ഭീഷണിക്കും ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇി മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്കകമാണ് ഈ പ്രസ്താവന പുറത്തുവരുന്നത്. 2,000 കിലോമീറ്റർ പരിധിക്ക് അപ്പുറത്തേക്ക് സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലുകൾ ഇറാന്റെ കൈവശമുള്ളതായി ഇതുവരെ ഔദ്യോഗിക വിവരമില്ലെങ്കിലും, ഇറാന്റെ ബഹിരാകാശ സാങ്കേതികവിദ്യ ഭൂഖണ്ഡാന്തര മിസൈലുകൾ നിർമ്മിക്കാൻ ഉപയോഗിക്കാമെന്ന് യു.എസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിട്ടുണ്ട്.



